
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്ത 100-ാം വാർഷിക ഖത്തർ പ്രചാരണ സാംസ്കാരിക മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം കേരളശബ്ദത്തോട് സംസാരിക്കുകയായിരുന്നു.
സമസ്തയ്ക്ക് മുസ്ലിം ലീഗുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും, എന്നാൽ സംഘടന രാഷ്ട്രീയമായി ഏതെങ്കിലും പ്രസ്ഥാനത്തോട് അടുപ്പമോ അകലം പാലിക്കലോ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അനുകൂലമാകുമ്പോൾ സുന്നി ഐക്യം സാധ്യമാകുന്നതിൽ സന്തോഷമേയുള്ളുവെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
ആത്മീയതയും മാനുഷികതയും പ്രചരിപ്പിക്കുകയും മാനവിക സമാധാനത്തിനായി നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളിൽ സദാചാരബോധം വളർത്തുകയും ആത്മീയ ഉണർവ് നൽകുകയും സമുദായ ഐക്യത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സമസ്തയുടെ അജണ്ടയെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പോ രാഷ്ട്രീയ ഇടപെടലുകളോ സമസ്തയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും, പ്രകൃതിയോടൊത്തുജീവിക്കാൻ മനുഷ്യരെ പരിപോഷിപ്പിക്കുകയാണ് സംഘടനയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.











