
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവന 3,826.35 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിജെപിക്ക് 3,157.65 കോടി (82.52%) രൂപ ലഭിച്ചപ്പോൾ കോൺഗ്രസിന് 298.78 കോടിയും തൃണമൂൽ കോൺഗ്രസിന് 102 കോടിയും ലഭിച്ചു. 20 തിരഞ്ഞെടുപ്പ് ട്രസ്റ്റുകളിൽ 15 എണ്ണം വാർഷിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, സംഭാവന ലഭിച്ചതായി അറിയിച്ചത് 10 പാർട്ടികളാണ്.
പ്രുഡന്റ് തിരഞ്ഞെടുപ്പ് ട്രസ്റ്റാണ് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയത്. 2,668.46 കോടി രൂപയാണ് പ്രുഡന്റ് തിരഞ്ഞെടുപ്പ് ട്രസ്റ്റ് നൽകിയത്. 2024–25 കാലയളവിൽ 228 കമ്പനികൾ ചേർന്ന് 3,636.82 കോടി രൂപ സംഭാവന നൽകി. വ്യക്തികളിൽ നിന്ന് 187.62 കോടിയാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ സംഭാവന നൽകിയ കമ്പനി എലിവേറ്റഡ് അവന്യൂ റിയാൽറ്റിയാണ്. 500 കോടി രൂപയാണ് എലിവേറ്റഡ് അവന്യൂ റിയാൽറ്റി സംഭാവനയായി നൽകിയത്. പിന്നാലെ ടാറ്റാ സൺസ് (308.13 കോടി), ടാറ്റാ കൺസൾട്ടൻസി സർവീസസ് (217.62 കോടി), മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ (175 കോടി) എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ ദേശീയ പാത തകർന്നതുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിൽപ്പെട്ട കമ്പനിയാണ് മേഘ. സംഭാവനകളിൽ നിർമാണമേഖലയാണ് മുന്നിൽ- 1063.13 കോടി (27.78 ശതമാനം). റിയൽ എസ്റ്റേറ്റ് മേഖല 629.17 കോടി (16.44 ശതമാനം), വിവരസാങ്കേതിക-ടെലികമ്യൂണിക്കേഷൻ മേഖല-451.86 കോടി (11.81 ശതമാനം) എന്നിങ്ങനെ സംഭാവനനൽകി.
സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് സംഭാവനനൽകിയതിൽ മുന്നിൽ-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാണ-212.90 കോടി, പശ്ചിമ ബംഗാൾ-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽനിന്ന് 50 കോടിയാണ് സംഭാവനയായി പാർട്ടികൾക്ക് ലഭിച്ചത്.











