12:01pm 17 April 2026
NEWS
തെരഞ്ഞെടുപ്പുകാല പൊറാട്ടുനാടകം
16/04/2026  05:48 PM IST
പി. ജയചന്ദ്രൻ
തെരഞ്ഞെടുപ്പുകാല പൊറാട്ടുനാടകം
HIGHLIGHTS

കാലുമാറ്റം, കൂറുമാറ്റം, വാഗ്വാദം, ഗോഗ്വാവിളി, ബോഡിഷെയിമിംഗ്, വാഗ്ദാനപ്പെരുമഴ... 
അങ്ങനെ എല്ലാം കൊണ്ടും സംഭവബഹുലമായ ഒരു തെരഞ്ഞെടുപ്പുകാലമാണ് 
കടന്നുപോയത്; അതിലേക്ക്....

രാഷ്ട്രീയക്കാരുടെ ഭാഷയിൽ  പറഞ്ഞാൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. ആനയും അമ്പാരിയും അണിനിരക്കുന്ന, ആളും അർത്ഥവും ഒഴുകുന്ന കൊടിയേറ്റുത്സവം. ആ നിലയ്ക്ക് നോക്കുമ്പോൾ വലിയൊരു ജനാധിപത്യഉത്സവത്തിന്റെ കൊടിയിറക്കം കഴിഞ്ഞുള്ള ആലസ്യത്തിലാണ് കേരളം ഇപ്പോൾ. ഈ ആലസ്യം മാറി കാര്യങ്ങൾ വീണ്ടും പഴയ പടിയാകാൻ മേയ് 4 കഴിയണം. അന്നാണല്ലോ വോട്ടെണ്ണലും ഫലം പ്രഖ്യാപിക്കലും. അപ്പോളറിയാം ആരൊക്കെ വീഴും ആരൊക്കെ വാഴും എന്ന്. അതിനിടയ്ക്ക് ഊഹാപോഹങ്ങൾ നിരത്തി അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിൽ കാര്യമില്ല. പകരം തെരഞ്ഞെടുപ്പുകാലത്ത് അരങ്ങേറിയ അസംബന്ധ നാടകങ്ങളെക്കുറിച്ചാകാം സംസാരം.

ചാട്ടം... ചാട്ടം സർവ്വത്ര....

കേരളത്തെ സംബന്ധിച്ചിടത്തോളം മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഒത്തിരി പ്രത്യേകതകളുള്ള ഒരു തെരഞ്ഞെടുപ്പുകാലമാണ് കടന്നുപോയത്. എന്നുപറഞ്ഞാൽ അനഭിലഷണീയമായ ഒരുപാട് പ്രവണതകൾ അരങ്ങേറിയ ഒരു തെരഞ്ഞെടുപ്പുകാലം. നമ്മുടെ തെരഞ്ഞെടുപ്പുപ്രക്രിയയെ ഇത്രകണ്ട് അപഥ സഞ്ചാരത്തിന് വിധേയമാക്കിയ ഒരു തെരഞ്ഞെടുപ്പുകാലഘട്ടം ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നുസാരം. അത്രമാത്രം വൃത്തികെട്ട രാഷട്രീയകളികളാണ് ഈ കാലത്ത് കേരളം കണ്ടത്. ആയാറാം ഗയാറാംമാർ ചരിത്രം സൃഷ്ടിച്ച വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളെപ്പോലും ലജ്ജിപ്പിച്ച രാഷ്ട്രീയ കളികൾ. അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്നുപറയുംപോലെ, കാലുമാറ്റത്തിന്റെയും കൂറുമാറ്റത്തിന്റെയും പുത്തൻ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തവരിൽ എല്ലാ പാർട്ടികളിലുംപെട്ടവരുണ്ടായിരുന്നു. സീറ്റ് മാത്രം മോഹിച്ച് പതിറ്റാണ്ടുകളുടെ പ്രത്യയശാസ്ത്രബന്ധം ഉപേക്ഷിച്ച് പടിയിറങ്ങി വന്നവരെ ആദർശത്തിന്റെ തീർത്ഥജലം തളിച്ച് ശുദ്ധീകരിച്ച് രണ്ടുകയ്യും നീട്ടി സ്വീകരിക്കുവാനും സീറ്റ് നൽകി മത്സരിപ്പിക്കുവാനും ഒരു  പാർട്ടിയും മടി കാണിച്ചില്ല. എന്നുമാത്രമല്ല കോൺഗ്രസ്സിൽ നിന്ന് ബി.ജെ.പിയിലേക്കും, സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലേക്കുമൊക്കെ അങ്ങനെ കാലുമാറി വരുന്നവരെ സ്വീകരിക്കുവാനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂം സംവിധാനമൊരുക്കി കാത്തിരിക്കുകയായിരുന്നു ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടികളൊക്കെയും.

മൂന്നുപ്രാവശ്യം തുടർച്ചയായി സി.പി.എം ടിക്കറ്റിൽ കൊട്ടാക്കരയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ പി. ആയിഷാപോറ്റിയാണ് ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി മറുകണ്ടം ചാടി കോൺഗ്രസിൽ സീറ്റുറപ്പിച്ച രാഷ്ട്രീയ നേതാവ്. 2000 ൽ കൊട്ടാരക്കരയിൽ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് വിജയിപ്പിക്കുകയും തുടർന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും ചെയ്ത ആയിഷാപോറ്റിയെ 2006 ലും 2011 ലും കൊട്ടാരക്കരയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന സാക്ഷാൽ ആർ. ബാലകൃഷ്ണപിള്ളയെ അടിയറവ് പറയിച്ചുകൊണ്ടായിരുന്നു ആയിഷാപോറ്റിയുടെ തുടക്കം.

2021 ൽ ആയിഷാപോറ്റിക്ക് സീറ്റ് ലഭിച്ചില്ല. കെ.എൻ. ബാലഗോപാലിനെയാണ് പാർട്ടി പരിഗണിച്ചത്. ആ തെരഞ്ഞെടുപ്പിൽ ബാലഗോപാൽ വിജയിക്കുകയും, മന്ത്രിയാവുകയും ചെയ്തു. അന്നുമുതൽ അസ്വസ്ഥയായിരുന്ന ആയിഷാപോറ്റി, കൊട്ടാരക്കരയിൽ തന്റെ ഊഴം അവസാനിച്ചു എന്നുകണ്ടപ്പോഴാണ് ഇക്കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് ലോക്ഭവന് മുന്നിൽ നടത്തിയ സമരവേദിയിലെത്തി കോൺഗ്രസുകാരിയായി മാറിയതും കൊട്ടാരക്കര സീറ്റ് ഉറപ്പിച്ചതും. തനിക്ക് പിൻഗാമിയായി വന്ന ബാലഗോപാൽ തന്നെ നിരന്തരം അവഗണിച്ചു എന്നും, താൻ എം.എൽ.എ ആയിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നുമൊക്കെയുള്ള പരാതികൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ആയിഷാപോറ്റി കളം മാറിയത്. അതിന് മുഖ്യകാർമ്മികത്വം വഹിച്ചത് കൊടിക്കുന്നിൽ സുരേഷ് ആണെന്നാണറിയുന്നത്. അതെന്തായാലും കോൺഗ്രസ്സിന്റെ കൈപ്പത്തിച്ചിഹ്നത്തിൽ മത്സരിച്ച ആയിഷാപോറ്റിയെ വോട്ടർമാർ സ്വീകരിച്ചോ ഇല്ലയോ എന്നറിയാൻ മേയ് 4 വരെ സമയമുണ്ട്.

എന്നാൽ രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന നിലപാട് നടത്തിയത് ജി. സുധാകരനാണ്. ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ചും സി.പി.എമ്മിന്റെ ശക്തിദുർഗ്ഗമായിരുന്ന സുധാകരൻ അരനൂറ്റാണ്ടിലേറെക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പുഗോദായിൽ സ്വതന്ത്രനായി മത്സരിച്ചത്. ഒന്നിലേറെ പ്രാവശ്യം എം.എൽ.എയാവുകയും മന്ത്രിയാവുകയുമൊക്കെ ചെയ്തിട്ടുള്ള സുധാകരൻ സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നുള്ള കാര്യത്തിൽ സംശയമില്ല. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുമൊക്കെ കൂത്തരങ്ങായിരുന്ന പൊതുമരാമത്ത് വകുപ്പിനെ, തന്റെ ഭരണകാലയളവിലെങ്കിലും അതിൽ നിന്നൊക്കെ മോചിപ്പിക്കുവാൻ സുധാകരന് കഴിഞ്ഞു എന്നുള്ളതും അടിവരയിട്ട് പറയേണ്ട കാര്യം തന്നെയാണ്. അതുകൊണ്ടൊക്കെ കൂടി ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള സുധാകരന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.
അത് മനസ്സിലാക്കി സുധാകരനെ കോൺഗ്രസുകാരനാക്കാൻ ബന്ധപ്പെട്ടവർ കിണഞ്ഞുശ്രമിച്ചെങ്കിലും, അതിന് തയ്യാറായില്ലെങ്കിൽക്കൂടി യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയായിരുനന്നു.

സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായ പി.കെ.ശശിയാണ് തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടി വിട്ട് പുറത്തുപോയി സ്വതന്ത്രനായി മത്സരിക്കുന്ന മറ്റൊരു രാഷ്ട്രീയനേതാവ്. സി.പി.എമ്മിലായിരിക്കുമ്പോൾ ശശിക്കെതിരെ സ്ത്രീപീഡനാരോപണങ്ങളുയർത്തി കൊടുങ്കാറ്റ് സൃഷ്ടിച്ചവരാണ് പാർട്ടി വിട്ടപ്പോൾ ശശിയേയും പിൻതാങ്ങാൻ ചാടിയിറങ്ങിയത്. 
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ ഗോവിന്ദന്റെ പിൻഗാമിയെന്നോണം തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് പറത്തുവന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനും കോൺഗ്രസിനിപ്പോൾ പ്രിയംകരനാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ കലവറയില്ലാത്ത പിന്തുണയാണ് ടി.കെ. ഗോവിന്ദന് നൽകിയിട്ടുള്ളത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരിൽ ആറുപതിറ്റാണ്ടുകാലത്തെ പ്രവർത്തനപാരമ്പര്യമുള്ള ടി.കെ. ഗോവിന്ദൻ ജില്ലാസെക്രട്ടറിയേറ്റംഗമായും ഹാൻവീവ് ചെയർമാനായും പ്രവർത്തിച്ചുവരവെയാണ് എല്ലാം ഉപേക്ഷിച്ച് പാർട്ടിയെ വെല്ലുവിളിച്ചുകൊണ്ട് സ്വതന്ത്രനായി മത്സരിക്കാൻ ഇറങ്ങിത്തിരിച്ചത്. ആ വിവരം പുറത്തുവരേണ്ട താമസം കോൺഗ്രസ് പിന്തുണയുമായെത്തി. എന്നുപറയുമ്പോൾ, കണ്ണൂർ പോലൊരു ജില്ലയിൽ സി.പി.എമ്മിനെ വളർത്താനും കോൺഗ്രസിനെ തകർക്കാനും എന്തുമാത്രം ത്യാഗം സഹിച്ചിട്ടുള്ള ഒരു നേതാവായിരുന്നിരിക്കും ടി.കെ. ഗോവിന്ദൻ എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ആ ത്യാഗം എത്രയെത്ര കോൺഗ്രസുകാർക്ക് എന്തെന്തുദുരന്തങ്ങൾ സമ്മാനിച്ചിട്ടുണ്ടാകും എന്നും ആലോചിക്കണം. അതെല്ലാം മറന്നുകൊണ്ട് ടി.കെ. ഗോവിന്ദന്റെ വയസുകാല പ്രവർത്തിക്ക് കോൺഗ്രസ് കുടപിടിക്കേണ്ടതുണ്ടായിരുന്നോ എന്നുചിന്തിക്കുന്ന നല്ലൊരു വിഭാഗം കോൺഗ്രസുകാർ തളിപ്പറമ്പിൽ തന്നെയുണ്ട്.

അതുതന്നെയാണ് പയ്യന്നൂരിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ കാര്യവും. ഇന്നലെവരെ കോൺഗ്രസിനെ കൊന്നുകുഴിച്ചുമൂടാൻ നടന്ന വി. കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽ നിന്നും പുറത്തുവന്നതും കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നതും കമ്മ്യൂണിസ്റ്റ് ആദർശങ്ങളോട് വിയോജിപ്പുണ്ടായതുകൊണ്ടോ, കോൺഗ്രസ്സിന്റെ ആദർശങ്ങളിൽ ആകൃഷ്‌നായിട്ടോ അല്ലല്ലോ. ആ സ്ഥിതിക്ക് അമ്പലപ്പുഴയിലുൾപ്പെടെ സുധാകരനും ടി.കെ. ഗോവിന്ദനും, വി.കുഞ്ഞികൃഷ്ണനുമൊക്കെ സ്വതന്ത്രരായി മത്സരിച്ച് സി.പി.എം വോട്ടിൽ ഭിന്നിപ്പുണ്ടാക്കുമ്പോൾ അത് മുതലെടുക്കാൻ പാർട്ടിക്കുവേണ്ടി വിറകുവെട്ടാനും വെള്ളം കോരാനും നടന്നവരെ എന്തുകൊണ്ട് സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുകയായിരുന്നില്ല എന്ന ചോദ്യവും ഒരു വിഭാഗം കോൺഗ്രസ്സുകാർ ഉയർത്തുന്നുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ.സുരേഷിനെ മലമ്പുഴയിൽ കൈപ്പത്തിച്ചിഹ്നം നൽകി മത്സരിപ്പിക്കുന്ന കോൺഗ്രസ് അവിടെ പാർട്ടിക്കുവേണ്ടി എല്ലാം നശിപ്പിച്ച സംശുദ്ധ രാഷ്ട്രീയക്കാരനും വി.എസിനെതിരെ മത്സരിച്ചുതോൽക്കുകയും ചെയ്ത അകാലത്തിൽ പൊലിഞ്ഞ സതീശൻ പാച്ചേനിയുടെ ഭാര്യയെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല എന്നുചോദിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. 
സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ദേവികുളത്തും, സി.പി.ഐയിൽ നിന്നും പുറത്തുചാടി ബി.ജെ.പിയിൽ ചേർന്ന മറ്റൊരു മുൻ എം.എൽ.എ കെ. അജിത്ത് വൈക്കത്തും താമരച്ചിഹ്നത്തിൽ മത്സരിക്കുമ്പോൾ നാട്ടികയിലെ ബി.ജെ.പി സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ സി.സി. മുകുന്ദനാണ്. സി.പി.ഐയുമായി തെറ്റി കോൺഗ്രസിൽ ചേരാൻ ദൽഹിയിൽ വരെ പോയ മുകുന്ദൻ എല്ലാകാലുമാറ്റക്കാർക്കുവേണ്ടിയും വാതിൽ തുറന്നിട്ട കോൺഗ്രസ് തനിക്ക് മുന്നിൽ മാത്രം എന്തുകൊണ്ടോ വാതിൽ തുറക്കാതിരിക്കുന്നതിനാലാണ് ബി.ജെ.പിയിലേക്ക് നീങ്ങിയത്. ചെല്ലാത്ത താമസം, മുകുന്ദനെ അവർ നാട്ടികയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കി.

ഒരു മാസം മുൻപുവരെ കെ.പി.സി.സി അംഗമായിരുന്ന പിറവം നഗരസഭാ മുൻ അദ്ധ്യക്ഷൻ സാബുജോർജ്ജ് ഒറ്റച്ചാട്ടത്തിന് കേരളാകോൺഗ്രസ്- എമ്മിൽ എത്തിയപ്പോൾ പിറവത്ത് രണ്ടില ചിഹ്നം കിട്ടി. എന്നാൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായിരുന്ന ആർ.എസ്.എസ് അരുൺരാജ് അവിടുന്ന് ചാടി ചടയമംഗലത്ത് പൊങ്ങിയത് താമരയുമായാണ്. ചാലക്കുടിയിലെ കേരളാ കോൺഗ്രസ്-എം സ്ഥാനാർത്ഥി ബിജു ചിറയത്ത് കോൺഗ്രസിന്റെ നഗരസഭാ കൗൺസിലർ സ്ഥാനത്തുനിന്നാണ് നിയമസഭാസ്ഥാനാർത്ഥിയായത്.

കോവളത്തെ ഇടതുസ്വതന്ത്രൻ ഭഗത് റൂഫ്‌സിന്റെ സ്ഥാനാർത്ഥിത്വമാണ് തമാശ. കോവളം സീറ്റിൽ സ്ഥിരമായി മത്സരിച്ചിരുന്നത് പഴയ ജെ.ഡി.എസ് ആയിരുന്നല്ലോ.ഇപ്പോൾ ആ പാർട്ടിയുടെ പേര് ഐ.എസ്.ജെ.ഡി എന്നാണ്. എന്നാൽ ഐ.എസ്.ജെ.ഡിക്ക് കോവളത്ത് സ്ഥാനാർത്ഥി ഇല്ല എന്നറിഞ്ഞ്, ആ സീറ്റിൽ കണ്ണുവെച്ച് ആർ.ജെ.ഡിയുടെ ജില്ലാ സെക്രട്ടറിയും ആർ.വൈ.ജെ.ഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഭഗത് റൂഫസ് ആ രണ്ട് സ്ഥാനങ്ങളും രാജിവച്ച് ആർ.ജെ.ഡിയിൽ നിന്നിറങ്ങി നേരെ ഐ.എസ്.ജെ.ഡിയിൽ ചേർന്നു. അപ്പോഴാണ് ഐ.എസ്.ജെ.ഡിക്ക് സീറ്റ് നൽകേണ്ട എന്ന് സി.പി.എം തീരുമാനിച്ചത്. ഉത്തരത്തേലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന അവസ്ഥ. നിരാശനായ ഭഗത് റൂഫസിക്ക് പക്ഷെ ദൈവം തുണയായി. ഒടുവിൽ റൂഫസിനെ ഇടതുസ്വതന്ത്രനാക്കി.
അതേസമയം തിരുവനന്തപുരം സീറ്റ് നോട്ടമിട്ട് ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച മുൻമന്ത്രി വി. സുരേന്ദ്രൻപിള്ളയ്ക്ക് അതുപോലെ കയ്യുംവീശി തിരികെ പോകേണ്ടി വന്നു. പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടിയെടുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നുപറഞ്ഞുകൊണ്ടാണ് സുരേന്ദ്രൻപിള്ള ആർ.ജെ.ഡി വിട്ടത്. ആ വാർത്ത പുറത്തുവരാത്ത താമസം, തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ സീറ്റ് ഒഴിച്ചിട്ടിരുന്ന സി.പി.എമ്മും ബി.ജെ.പിയും ഒറ്റാലുമായി ചാടിയിറങ്ങി. പക്ഷെ എന്തുകൊണ്ടോ, അടുത്തദിവസം പിള്ള വന്നപോലെ തിരികെപ്പോയി.

രാഷ്ട്രീയത്തിൽ ചമ്മൽ എന്ന വാക്കിന് യാതൊരു പ്രസക്തിയുമില്ലെങ്കിലും സുരേന്ദ്രൻപിള്ളയുടെ കാര്യത്തിലെന്നപോലെ ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിക്ക് പിറകേപോയിട്ടും സി.പി.എം കാര്യമായൊന്നു ചമ്മി. തിരൂരങ്ങാടിയിൽ ലീഗ് ജില്ലാ സെക്രട്ടറി പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കുവാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിൽ രണ്ടത്താണി ഒരു പോസ്റ്റ് പോസ്റ്റി. അതോടെ കാര്യങ്ങൾ ഉഷാറാക്കിയ സി.പി.എം, രണ്ടത്താണിയെ പൊതുസ്വതന്ത്രനാക്കി വള്ളിക്കുന്നിലോ തിരൂരിലോ മത്സരിപ്പിക്കുവാനുള്ള പദ്ധതി തയ്യാറാക്കി. അപ്പോഴേക്കും എ. വിജയരാഘവൻ രണ്ടത്താണിയെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുകയും ചെയ്തു. കിംഫലം. സി.പി.എം അങ്ങനെ മനഃപായസം ഉണ്ടുകൊണ്ടിരിക്കുമ്പോൾ രണ്ടത്താണി രായ്ക്കുരാമാനം പാണക്കാടെത്തി കാര്യങ്ങൾ കബൂലാക്കി. കൊടിമാറണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.

വോട്ടില്ല... വോട്ടില്ല വോട്ടില്ല...

അങ്ങനെ പ്രധാന പാർട്ടികളിൽ ചെറുതും വലുതുമായ കാലുമാറ്റപൊറാട്ടുനാടകങ്ങൾ തകൃതിയായി നടന്നുകൊണ്ടിരുന്നപ്പോൾ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ട്വന്റി 20 യും ചില തമാശകൾ രംഗത്തവതരിപ്പിച്ചു. തങ്ങൾപോലും പ്രതീക്ഷിക്കാത്തത്രയും സീറ്റുകൾ മുന്നണി ട്വന്റി 20 കൾക്ക് വാരിക്കോരി നൽകിയപ്പോൾ പാവങ്ങൾക്ക് പറ്റിയ സ്ഥാനാർത്ഥികളെ കിട്ടാത്ത അവസ്ഥയായി. അങ്ങനെയാണ് സിനിമാ-സീരിയൽ താരങ്ങളെ തേടിയിറങ്ങിയത്. അങ്ങനെയാണ് പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായി താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റായ നടി ലക്ഷ്മിപ്രിയയെ കണ്ടെത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചത്. തീരുമാനിച്ചുവെന്നുമാത്രമല്ല, കേന്ദ്രമന്ത്രി ഭൂപതി രാജുശ്രീനിവാസവർമ്മ ലക്ഷ്മിപ്രിയയുടെ തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്നും പ്രചരണാർത്ഥം റോഡ് ഷോ നടത്തുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

കാര്യങ്ങളൊക്കെ അതിൻപ്രകാരം മുന്നോട്ടുപോവുകയും ചെയ്തു. പക്ഷെ അവസാനനിമിഷമാണറിഞ്ഞത് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിലില്ല. തുടർന്ന് സ്ഥാനാർത്ഥിയില്ലാതെ റോഡ് ഷോ നടത്തി. എന്നാൽ ട്വന്റി 20 യുടെ തന്നെ ഏറ്റുമാനൂരിലേക്ക് നിശ്ചയിച്ച സ്ഥാനാർത്ഥിക്ക് പക്ഷേ റോഡ് ഷോയ്ക്കുപോകും മുൻപുതന്നെ സംഗതി പിടികിട്ടി. വോട്ടില്ല. ചലച്ചിത്രതാരം വീണാനായരാണ് വോട്ടില്ലാത്തതിനെത്തുടർന്ന് മത്സരരംഗത്തുനിന്നും പിൻമാറേണ്ടി വന്ന ട്വന്റി 20 യുടെ രണ്ടാമത്തെ താരസ്ഥാനാർത്ഥി.

പിന്നെയും ചില കാര്യങ്ങൾ

അങ്ങനെ കാലുമാറ്റവും കൂറുമാറ്റവും, വോട്ടില്ലായ്മയുമൊക്കെ കൂടി തെരഞ്ഞെടുപ്പുരംഗം സംഭവബഹുലമാക്കിയപ്പോഴാണ് തോമസ് ഐസക്ക് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ കോമാളി എന്നുവിളിച്ചതും, ജി. സുധാകരന്റെ കാലുമാറ്റത്തെ ചെറ്റത്തരം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചപ്പോൾ സുധാകരനെ പിണറായി ചെറ്റ എന്ന് സംബോധന ചെയ്തു എന്നാക്കി തീർത്തതുമൊക്കെ പുട്ടിന് പീരയിടലായി. എന്നാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പരസ്പരം നടത്തിയ വെല്ലുവിളികളും, സുധാകരനും പിണറായിയും തമ്മിൽ നടത്തിയ കൊടുക്കലും വാങ്ങലുമൊക്കെ മുൻകാല തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.