04:00am 07 November 2026
NEWS
തിരഞ്ഞെടുപ്പ്: ചില അനുഭവങ്ങളും കാഴ്ചകളും
29/03/2026  07:29 PM IST
ആർ. പവിത്രൻ
തിരഞ്ഞെടുപ്പ്: ചില അനുഭവങ്ങളും കാഴ്ചകളും

1980, 87, 91 വർഷങ്ങളിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും, 1980, 84, 89 വർഷങ്ങളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളും എല്ലാ മണ്ഡലങ്ങളിലൂടെയും യാത്ര ചെയ്ത് 'കേരളശബ്ദ'ത്തിനുവേണ്ടി റിപ്പോർട്ട് ചെയ്തത് ഈ ലേഖകനായിരുന്നു. ഞാനന്ന് 'കുമാരി' വാരികയുടെയും 'കേരളശബ്ദ'ത്തിന്റേയും സബ് എഡിറ്ററായിരുന്നു. ഫോട്ടോഗ്രാഫർമാരായ കൃഷ്ണൻകുട്ടിയും മോഹൻ കൊല്ലവുമൊത്തു പഴയ മോഡൽ ഫിയറ്റുകാറിലായിരുന്നു യാത്ര. പാറശ്ശാല മുതൽ കാസർഗോഡുവരെയുള്ള 140 അസംബ്ലി മണ്ഡലങ്ങളും, 20,പാർലമെന്റ് മണ്ഡലങ്ങളും താണ്ടിയുള്ള ആ യാത്ര രസകരവും അനുഭവതീക്ഷ്ണവുമായിരുന്നു. കൊല്ലം സ്വദേശിയായ ഞാൻ എറണാകുളത്തിനപ്പുറം പോയിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ 80-ലെ എന്റെ കന്നിയാത്ര കേരളത്തെ കാണലും അറിയലും കൂടിയായി.

രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് രംഗത്ത് എങ്ങനെ പ്രവർത്തിക്കുന്നു, വോട്ടർമാരെ സ്വാധീനിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളും തന്ത്രങ്ങളും ഉപയോഗിക്കുന്നു, സ്ഥാനാർത്ഥികളുടെ പ്രചരണശൈലി എങ്ങനെ തുടങ്ങിയവ അടുത്തറിയാനും, ഗവേഷണ മനസ്സോടെ സൂക്ഷ്മമായി അത് മനസ്സിലാക്കാനും, പഠനവിധേയമാക്കാനും ആ യാത്രകൾ ഉപകരിച്ചു.(കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാൻ ഉദ്ദേശിച്ചിരുന്നു. അതിനായി ഒട്ടേറെ കുറിപ്പുകളും മറ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. പലവിധ കാരണങ്ങളാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവ നഷ്ടപ്പെടുകയും ചെയ്തു. ഇതുപോലെ മുദ്രാവാക്യങ്ങളെക്കുറിച്ചുള്ള ഒരു പഠനവും മനസ്സിലുണ്ടായിരുന്നു. നല്ല രാഷ്ട്രീയബോധവും, കലാഹൃദയവുമുള്ളവർ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഒരു കാലഘട്ടത്തിലെ കേരള രാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങളെക്കുറിക്കുന്ന രേഖയാണ്. ചില മുദ്രാവാക്യങ്ങൾ കാലത്തെ അതിജീവിക്കുന്നതായിരുന്നു. 1957 ലെ ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് പൂന്തുറയിൽ നടന്ന വെടിവയ്പ്പിൽ ഫ്‌ളോറി എന്ന സ്ത്രീ കൊല്ലപ്പെട്ടപ്പോൾ, 'ഭർത്താവില്ലാനേരത്ത് ഫ്‌ളോറി എന്ന ഗർഭിണിയെ വെടിവച്ചുകൊന്ന സർക്കാരേ പകരം ഞങ്ങൾ ചോദിക്കും' എന്നുയർത്തിയ മുദ്രാവാക്യത്തിന്റെ അലയടി വിമോചനസമരത്തിലെത്തി. അതുപോലെ 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യവും രാഷ്ട്രീയമുന്നേറ്റത്തിന് വഴിതെളിച്ചു. മുൻപ് രാഷ്ട്രീയപ്പാർട്ടികളുടെ പ്രകടനങ്ങളിൽ പ്രാസമൊപ്പിച്ച ഇമ്പമുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുകേൾക്കുമായിരുന്നു.)

തിരഞ്ഞെടുപ്പ് കവറേജിന് ഞങ്ങൾ ഒരു രീതി രൂപപ്പെടുത്തിയിരുന്നു. അതനുസരിച്ച് ആദ്യം നിയോജകമണ്ഡലത്തിലെ മുഖ്യതിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് സന്ദർശിക്കും. അവിടെ കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള ഒരാൾ ഉണ്ടാവും. സ്ഥാനാർത്ഥിയുടെ മണ്ഡലം പര്യടനം എവിടെ, എപ്പോൾ എന്നിവ തയ്യാറാക്കിയ ഒരു പട്ടിക അയാൾ സൂക്ഷിച്ചിട്ടുണ്ടാവും. അതിൽ സ്ഥാനാർത്ഥിക്ക് പുറമെ പങ്കെടുക്കുന്ന സംസ്ഥാന- ജില്ലാ-പ്രാദേശിക നേതാക്കളുടെ വിവരങ്ങളുമുണ്ടാകും. താൽക്കാലിക കണക്ഷനുകൾ ലഭിച്ചിട്ടുള്ളതിനാൽ, മൂന്നുനാലു ഫോണുകൾ മേശപ്പുറത്ത് നിരന്നിരിപ്പുണ്ടാകും.(തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ കണക്ഷനുകൾ വിഛേദിക്കപ്പെടും) അതിലൂടെ സ്ഥാനാർത്ഥിയുടെ പരിപാടികൾ എവിടെ എപ്പോൾ എന്ന അന്വേഷണങ്ങൾക്ക് അയാൾ മറുപടി പറഞ്ഞുകൊണ്ടേയിരിക്കും. (അന്ന് മൊബൈൽഫോൺ പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നു). കമ്മിറ്റി ഓഫീസ് പൂരപ്പറമ്പുപോലെ പലതരക്കാരായ ആളുകളെക്കൊണ്ട് സദാ തിരക്കേറിയതും സജീവവുമായിരിക്കും. കൊടിയും തോരണങ്ങളും കൊണ്ട് അകവും പുറവും അലങ്കരിച്ചിരിക്കും. എൽ.ഡി.എഫിന്റേതാണെങ്കിൽ കെ.പി.എ.സി നാടകഗാനങ്ങളുടെ റെക്കോർഡുകൾ ഉച്ചത്തിൽ വച്ചിരിക്കും. യു.ഡി.എഫിന്റേതാണെങ്കിൽ യേശുദാസിന്റെയും എസ്. ജാനകിയുടെയും മറ്റും സിനിമാപ്പാട്ടുകളും.

അവിടെ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് പരിപാടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ യാത്ര തിരിക്കും. പ്രധാന റോഡിലെ കവലയിലല്ലെങ്കിൽ, ഉള്ളിലേക്കാണെങ്കിൽ സ്ഥലം പരിചയമുള്ള ആരെയെങ്കിലും ഞങ്ങളോടൊപ്പം പറഞ്ഞുവിടും. മിക്കപ്പോഴും സ്ഥാനാർത്ഥിയും പരിവാരങ്ങളും വളരെ താമസിച്ചായിരിക്കും എത്തുക. അതുവരെ പ്രാദേശിക നേതാക്കൾ ആവേശത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കും. അതുകഴിഞ്ഞായിരിക്കും സ്ഥാനാർത്ഥിയുടെ വരവ്. അതൊരു വരവാണ്. സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും ഒട്ടിച്ച ബോർഡ് കെട്ടിവച്ച ഒരു പൈലറ്റ് കാർ മുന്നിൽ. അതിന്റെ മുകളിൽ ഒരു കോളാമ്പിപ്പെട്ടി കെട്ടിവച്ചിട്ടുണ്ടാകും. അതിലൂടെ പൈലറ്റ് കാറിൽ നിന്ന് അത്യുച്ചത്തിലുള്ള അനൗൺസ്‌മെന്റ്: 'ഇതാ, ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലേ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർത്ഥി ആഗതനാകുന്നു...'

അതുകേൾക്കുന്നതോടെ കൂടിനിൽക്കുന്ന അണികൾ ആവേശം കൊള്ളും. അവർ സർവ്വശക്തിയുമെടുത്തു തൊണ്ടപൊട്ടി ഇൻക്വിലാബ് സിന്ദാബാദും കീജേയും വിളിക്കും.

അതുകഴിഞ്ഞ് അലങ്കരിച്ച മിനിലോറിയിൽ നിന്ന് ആമുഖപ്രസംഗകന്റെ രണ്ടോ മൂന്നോ വാചകത്തിലുള്ള ലഘു അവതരണം. പിന്നീടായിരിക്കും സ്ഥാനാർത്ഥിയുടെ ഊഴം. അദ്ദേഹം കൈവീശി അണികളെ അഭിവാദ്യം ചെയ്തുകഴിയുമ്പോൾ, നാട്ടിലെ പ്രധാനികൾ ഹാരാർപ്പണം നടത്തും. യു.ഡി.എഫ് സ്ഥാനാർത്ഥിയാണെങ്കിൽ ചെറിയ പൂമാലയോ തുളസിമാലയോ ഇടും. (ഇന്നത്തെപ്പോലെ തടിയൻ പൂമാലയും ബൊക്കെയും അന്നുണ്ടായിരുന്നില്ല.) എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണെങ്കിൽ ചുവന്ന ബീഡിമാലയായിരിക്കും ഇടുന്നത് (തെറുപ്പുബീഡി കെട്ടാനുപയോഗിക്കുന്ന കനം കുറഞ്ഞ നൂലായിരുന്നു അന്ന് കമ്മ്യൂണിസ്റ്റുകാർ, അടിസ്ഥാന തൊഴിലാളിവർഗ്ഗത്തിന്റെ പ്രതീകമെന്ന നിലയിൽ കഴുത്തിലിടാൻ ഉപയോഗിച്ചിരുന്നത്). അത് കഴിഞ്ഞായിരിക്കും സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. ഏതാനും വാക്കുകളിൽ അദ്ദേഹം ആഗോള ദേശീയ-സംസ്ഥാന പ്രശ്‌നങ്ങൾ അവതരിപ്പിച്ചശേഷം, താൻ വിജയിച്ചാൽ ചെയ്യാൻ പോകുന്ന സേവനങ്ങൾ എന്തെല്ലാമായിരിക്കുമെന്നു അക്കമിട്ട് പറയും. പ്രസംഗം കഴിയുമ്പോൾ അണികൾ കയ്യടിക്കും. കൈവീശി സ്ഥാനാർത്ഥിയും സംഘവും അടുത്ത സ്വീകരണസ്ഥലത്തേക്ക് നീങ്ങും. ഇന്ന് പ്രചാരത്തിലുള്ള റോഡ് ഷോകളെക്കുറിച്ച് അന്ന് കേട്ടുകേൾവിപോലുമില്ലായിരുന്നു. അതുപോലെ ചെണ്ടമേളവും അംഗനമാരുടെ താലപ്പൊലിയും. എന്റെ നിരീക്ഷണത്തിൽ ബോദ്ധ്യമായ മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. ഇന്നത്തെപ്പോലെ വാർഡ് ലോക്കൽ, ബ്രാഞ്ച്, ഏരിയാ, പഞ്ചായത്ത്, താലൂക്ക്, ജില്ലാതലങ്ങളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുമായിരുന്നില്ല. നിയോജകമണ്ഡലത്തിൽ ഒരൊറ്റ കൺവെൻഷൻ. ഒപ്പം ചെറിയൊരു പ്രകടനവും. മിക്കവാറും പ്രാദേശികതലത്തിലുള്ള ഒരു സിനിമാകൊട്ടകയിൽ വച്ചായിരിക്കും അത് നടത്തുക. സംസ്ഥാന-ജില്ലാ-പ്രാദേശിക നേതാക്കൾ പ്രസംഗിക്കാനുണ്ടാവും.

അതുകഴിഞ്ഞാലുടൻ ഞങ്ങൾ തൊട്ട് എതിർസ്ഥാനാർത്ഥിയുടെ സ്വീകരണസ്ഥലത്തേക്ക് തിരിക്കും. (അന്ന് ബി.ജെ.പി രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മിക്കയിടങ്ങളിലും ത്രികോണമത്സരമില്ലായിരുന്നു). ശരവേഗത്തിലുള്ള ഒരുതരം പാച്ചിലായിരുന്നു ഞങ്ങളുടെ മണ്ഡലം പര്യടനം.

അന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ വോട്ടെടുപ്പിന് രണ്ടുമാസത്തോളം പ്രചരണത്തിന് ലഭിക്കുമായിരുന്നു. വാശിയേറിയ പ്രചരണമായിരുന്നെങ്കിലും, ഇന്നത്തെപ്പോലെ കാടിളക്കിയുള്ളതും പ്രകോപനപരവുമായിരുന്നില്ല അന്നത്തെ രീതി. ടി.എൻ. ശേഷൻ 1990-96 കാലയളവിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായതോടെയാണ് ഈ കാലദൈർഘ്യത്തിന് കുറവ് സംഭവിച്ചത്. പ്രചരണകാലാവധി നീളുന്നത് സ്ഥാനാർത്ഥികളുടെ പ്രചരണച്ചെലവ് വർദ്ധിക്കുമെന്നും, അത് അഴിമതിക്കും കള്ളപ്പണ ഒഴുക്കിന് വഴിവയ്ക്കുമെന്നും മനസ്സിലാക്കിയ ടി.എൻ. ശേഷൻ, പ്രഖ്യാപനം വന്നശേഷം കഷ്ടിച്ച് 25 ദിവസം മാത്രമേ പ്രചരണത്തിന് നൽകിയിരുന്നുള്ളൂ. തിരഞ്ഞെടുപ്പിലെ പല അവിഹിത രീതികൾക്കും സുധീരം തടയിട്ട ടി.എൻ. ശേഷന്റെ കാലത്താണ് തിരഞ്ഞെടുപ്പുകമ്മീഷൻ ജനാധിപത്യ വ്യവസ്ഥയിലെ അതിശക്തമായ ഒരു ഭരണഘടനാ സ്ഥാപനമാണെന്ന് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടശേഷം, ഉന്നത തട്ടുമുതൽ താഴെത്തട്ടുവരെയുള്ള ഉദ്യോഗസംവിധാനത്തിൽ സ്ഥലം മാറ്റമോ, തിരുകിക്കയറ്റലോ, അച്ചടക്കനടപടിയോ പാടില്ലെന്ന കർശനമായ നിർദ്ദേശം ഉത്തരവായി ഇറക്കിയിരുന്നു. ചീഫ് സെക്രട്ടറി മുതൽ ജില്ലാകളക്ടർ തുടങ്ങി വില്ലേജ് ഓഫീസർവരെയുള്ള ഉദ്യോഗസ്ഥരെ നേരിൽ വിളിച്ചു ശേഷൻ ഉത്തരവ് നൽകുമായിരുന്നു. ഭരണസംവിധാനപ്രക്രിയയിൽ അത് പുതിയൊരനുഭവമായിരുന്നു. ചെറിയൊരു ഉദാഹരണം പറയാം. ടെലിഫോൺ കണക്ഷനുകൾ സാധാരണക്കാർക്ക് തീർത്തും അപ്രാപ്യമായിരുന്ന ആ കാലത്ത്, മലപ്പുറം ജില്ലയിലെ ഒരു സാധാരണ പൗരൻ, താൻ അപേക്ഷിച്ച ശേഷം പണശേഷിയും സ്വാധീനവുമുള്ള പലർക്കും ടെലിഫോൺ കണക്ഷനുകൾ ലഭിച്ചിട്ടുണ്ടെന്നും, വർഷങ്ങൾക്ക് മുൻപ് അപേക്ഷിച്ച തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും ടി.എൻ. ശേഷന് പരാതി സമർപ്പിച്ചു. അതുകിട്ടിയ ഉടൻ ശേഷൻ മലപ്പുറം കളക്ടറെ വിളിച്ചു, പരാതിക്കാരന് പന്ത്രണ്ട് മണിക്കൂറിനുള്ളിൽ കണക്ഷൻ നൽകണമെന്നും, ഇല്ലെങ്കിൽ കർശനനടപടിയെടുക്കുമെന്നും അന്ത്യശാസനം നൽകി. മണിക്കൂറുകൾക്കുള്ളിൽ കളക്ടർ നേരിട്ടുചെന്നു ഫോൺ കണക്ഷൻ നൽകി. ഇങ്ങനെ ശേഷൻ ചെയ്ത ഒരുപാട് ധീരപ്രവർത്തികൾ അന്ന് പത്രങ്ങളിൽ വാർത്തയായി വന്നിരുന്നു. ശേഷന് ശേഷം ഒന്നോ രണ്ടോ കമ്മീഷണർമാർ അദ്ദേഹത്തിന്റെ പാത പിൻതുടർന്നെങ്കിലും, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറേയും അംഗങ്ങളേയും മറ്റ് പല പരിഗണനകളുടെയും അടിസ്ഥാനത്തിൽ നിയമിക്കുന്നത് കേന്ദ്രമന്ത്രിസഭയായതിനാൽ, ആ സംവിധാനത്തിന്റെ മൂർച്ചയും പ്രഹരശേഷിയും ഇല്ലാതായി. (ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ലോക്‌സഭയിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയം ഈ അടിസ്ഥാനത്തിൽ നോക്കിക്കാണാവുന്നതാണ്).

അന്ന് സ്ഥാനാർത്ഥികളുടെ കൂറ്റൻ കട്ടൗട്ടുകളോ, ഫ്‌ളെക്‌സുകളോ, കളർ പോസ്റ്ററുകളോ ഇല്ലായിരുന്നു. സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ജനറൽ കൺവീനർ ബ്ലാക്ക് ആന്റ് വൈറ്റിൽ പ്രിന്റ് ചെയ്ത രണ്ടോ മൂന്നോ വാറോലകളിറക്കും. ചിലപ്പോൾ സ്ഥാനാർത്ഥിയുടെ ബ്ലോക്കെടുത്ത് അച്ചടിച്ച പടവുമുണ്ടാകും. പോസ്റ്ററുകൾ കളറായിരുന്നില്ല. ന്യൂസ് പേപ്പറിൽ ക്ലാഞ്ഞികൊണ്ട് (ഓലമടൽ കീറ്) കൈകൊണ്ടെഴുതിയ പോസ്റ്ററുകളായിരുന്നു അധികവും. അവസാന ദിവസങ്ങളിൽ ചിലപ്പോൾ സ്ഥാനാർത്ഥിയുടെ കളർ ഫോട്ടോ പ്രിന്റ് ചെയ്ത നോട്ടീസിറക്കും. വോട്ടറുടെ പേരും, ബൂത്ത് നമ്പരും മറ്റും എഴുതിയ സ്ലിപ്പ് വീടുകളിൽ കൊണ്ടുകൊടുക്കുന്ന രീതി അന്ന് തുടങ്ങിയിരുന്നില്ല.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ കൊണ്ടുപിടിച്ച പണിയായിരിക്കും. റിപ്പോർട്ട് തയ്യാറാക്കുന്നതിനുപുറമെ കൃഷ്ണൻകുട്ടിയും മോഹനും പ്രിന്റെടുത്തുതരുന്ന ഫോട്ടോകൾ മാറാതെ തരംതിരിച്ചു പിറകിൽ ക്യാപ്ഷനുകൾ എഴുതി ക്രമത്തിൽ അടുക്കിവയ്ക്കും. സൗജന്യ തിരഞ്ഞെടുപ്പു സപ്ലിമെന്റുകൾ തുടങ്ങിയതോടെ ജോലി ഇരട്ടിയായി വർദ്ധിച്ചു. സപ്ലിമെന്റ് കളർ കൂടി ആയതോടെ കളർ പ്രിന്റുകളും കളർ ട്രാസ്‌പേരൻസികളും ഉപയോഗിക്കാൻ തുടങ്ങി. ആദ്യം ന്യൂസ് പേപ്പർ വലിപ്പത്തിലും, തുടർന്ന് രണ്ടിലൊന്ന് വലിപ്പത്തിൽ ടാബ്ലോയിഡ് സൈസിലുമായിരുന്നു സപ്ലിമെന്റുകൾ തൂക്കിയിരുന്നത്. രാത്രിയിലും ഞങ്ങൾ ഒരു ടീമായി പണിയെടുത്തിരുന്നു. ആവേശം നിറഞ്ഞതും രസകരവുമായിരുന്നു ആ ദിനങ്ങൾ.

രസകരമായ ചില അനുഭവങ്ങൾ

മണ്ഡലങ്ങൾ കയറിയിറങ്ങിയുള്ള ആ യാത്രയിൽ കേരളത്തിലെ എല്ലാ പാർട്ടികളിലെയും സംസ്ഥാന-ജില്ലാ നേതാക്കളെയും, പാർട്ടി ഓഫീസുകളിലും ഇലക്ഷൻ കമ്മിറ്റി ഓഫീസുകളിലും വച്ചുകാണാൻ കഴിഞ്ഞു.

രസകരമായ ചില ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്. രാത്രി പത്തരമണി കഴിഞ്ഞുകാണും. അണികളും ആരവുമൊഴിഞ്ഞ ഒരു പാർട്ടി ഓഫീസിൽ ചെന്നപ്പോൾ പുറത്തുവെളിച്ചമില്ല. സ്ഥാനാർത്ഥിയുടെ പ്രചരണവാഹനം കെട്ടിടത്തിന് മുന്നിലെ പോർച്ചിൽ കിടപ്പുണ്ട്. ആളും അനക്കവുമില്ലെങ്കിലും ഉള്ളിൽ ആളുണ്ടെന്ന് മനസ്സിലായി. കോളിംഗ് ബെല്ലടിച്ചു. ഒന്നുരണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. ഷർട്ടിടാതെ കൈലിയുടുത്തു നിൽക്കുന്നയാൾ പുറത്തെ വെളിച്ചത്തിൽ സ്ഥാനാർത്ഥിയാണെന്ന് മനസ്സിലായി. ആൾ വാതിൽപ്പടിയിൽ പിടിച്ചുനിന്ന് ആടുകയാണ്. രൂക്ഷമായ മദ്യഗന്ധം. 'എന്താ?' കുഴയുന്ന വാക്കുകളിൽ അദ്ദേഹം ചോദിച്ചു. നിൽക്കാനും പോകാനും വയ്യാത്ത അവസ്ഥയിൽ ഞങ്ങൾ ആരാണെന്ന് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. കേട്ടുകഴിഞ്ഞതും അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. 'വാ... വാ...' എന്നുപറഞ്ഞ് ഉള്ളിലേക്ക് വലിച്ചുകയറ്റി. ലൈറ്റിട്ടപ്പോൾ മേശപ്പുറത്ത് മദ്യക്കുപ്പിയും ഗ്ലാസുകളും സോഡയും പ്ലേറ്റിൽ ഇറച്ചിയുടെയും മിക്‌സ്ച്ചറിന്റെയും അവശിഷ്ടങ്ങളും കണ്ടു. ഞങ്ങളെ ബലമായി പിടിച്ചു കസേരയിലിരുത്തിയിട്ട്, കുപ്പിയെടുത്ത് ഗ്ലാസ്സുകളിൽ മദ്യം പകരാനൊരുങ്ങി. ഞങ്ങൾ തടഞ്ഞപ്പോൾ ചൂടായി. 'നീയൊക്കെ പിന്നെ എന്നാ ഒണ്ടാക്കാനാ ഇങ്ങോട്ട് വന്നെ..?' എന്ന് അരിശത്തോടെ ചോദിച്ചു. ഇനിയും ഞങ്ങൾക്ക് പലയിടത്തും പോകാനുണ്ടെന്നും, ഇപ്പോൾ പോകാൻ ദയവായി അനുവദിക്കണം എന്നും താഴ്മയോടെ പറഞ്ഞപ്പോൾ സ്ഥാനാർത്ഥി തണുത്തു. 'ശരി ഇപ്പോ പൊയ്‌ക്കോ... പക്ഷേ തിരിച്ചുവരുമ്പോൾ, ഒരു രാത്രി ഇവിടെ സ്‌പെൻഡ് ചെയ്യണം' എന്ന് കർശനമായി പറഞ്ഞു. അത് സമ്മതിച്ച് ഞങ്ങൾ ഒരു വിധത്തിൽ തടിതപ്പി.

മറ്റൊരു ഓഫീസ്. രാത്രി പതിനൊന്ന് കഴിഞ്ഞുകാണും. സ്ഥാനാർത്ഥി അവിടെയുണ്ടാവുമെന്ന് അറിഞ്ഞ പ്രകാരമാണ് എത്തിയത്. പക്ഷേ പുറത്തു വെളിച്ചവുമില്ല, ആളുമില്ല. ഒരു വാഹനം മുന്നിൽ കിടക്കുന്നുണ്ട്. ചുറ്റും വരാന്തയുള്ള ഓടിട്ട വലിയ കെട്ടിടമാണ്. വരാന്തയിലൂടെ നടന്നു ഒരിടത്തെത്തിയപ്പോൾ, മുറിക്കുള്ളിൽ നിന്ന് ഒരു പുരുഷന്റെ ശബ്ദവും സ്ത്രീയുടെ അമർത്തിപ്പിടിച്ച ചിരിയും കേട്ടു. അകത്ത് നേരിയ വെട്ടമുണ്ട്. ഒരു ജനൽപ്പാളി പൂർണ്ണമായി അടച്ചിട്ടില്ല. അതിലൂടെ നോക്കുമ്പോൾ സ്ഥാനാർത്ഥിയും ഒരു യുവതിയും പൂർണ്ണനഗ്നരായി കിടന്ന് രതിക്രീഡ നടത്തുകയാണ്.

 

കെ.ജി. മാരാർ: പ്രകാശം പരത്തുന്ന ഒരോർമ്മ

കണ്ണൂരിലെ നിയോജകമണ്ഡലങ്ങൾ സന്ദർശിച്ചശേഷം ഞങ്ങൾ നേരെ പോയതു കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോട്ടെ മഞ്ചേശ്വരത്തേക്കായിരുന്നു. അവിടുത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിന്റെ രാമയ്യഷെട്ടിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തെ കണ്ടശേഷം ഞങ്ങൾ  പോയത് ബി.ജെ.പി സ്ഥാനാർത്ഥി കെ.ജി. മാരാരെ കാണാനായിരുന്നു. അദ്ദേഹം താമസിച്ചിരുന്നത് ഗസ്റ്റ് ഹൗസിലായിരുന്നു. മലമുകളിൽ മരങ്ങൾക്കിടയിൽ പുരാതന വാസ്തുശിൽപ്പശൈലിയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണിത മനോഹരമായ കെട്ടിടം.

ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞു ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ബനിയനും വെള്ളമുണ്ടും ധരിച്ച അദ്ദേഹം ഞങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. തുടർന്ന് ആദ്യം ചോദിച്ചത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു. കഴിച്ചു എന്നുപറഞ്ഞപ്പോൾ, ഹോട്ടലിന്റെ മുകളിലത്തെ നിലയിലോ താഴത്തെ നിലയിലോ എന്ന് ചോദിച്ചു. താഴത്തെ നിലയിൽ എന്നുപറഞ്ഞപ്പോൾ 'അയ്യോ, അത് വളരെ മോശം ഭക്ഷണമാണല്ലോ, ഇങ്ങു വന്നാൽ മതിയായിരുന്നല്ലോ' എന്ന് പറഞ്ഞു. ശരിയാണ്; ഇത്രമോശം ഹോട്ടൽ ഭക്ഷണം ഞങ്ങളാരും അതിന് മുൻപ് കഴിച്ചിട്ടില്ലായിരുന്നു. ചോറിനൊപ്പം തന്ന മീൻകറി അക്ഷരാർത്ഥത്തിൽ മനം മടുപ്പിക്കുന്നതായിരുന്നു. ചെതുമ്പലുകളയാത്ത, തേങ്ങയരച്ചുചേർക്കാത്ത, ഉപ്പും പുളിയും എരിവുമില്ലാത്ത വെള്ളം പോലുള്ള മീൻകറി. മുകളിലത്തെ നിലയിൽ സ്‌പെഷ്യൽ മീൽസാണ്. അത് ഞങ്ങൾക്കറിയില്ലായിരുന്നു.

ഊഷ്മളമായ ഒരു ഹൃദയബന്ധത്തിന്റ തുടക്കമായിരുന്നു കെ.ജി. മാരാരുമായുള്ള ആ കൂടിക്കാഴ്ച. അസംഖ്യം നേതാക്കളുമായി ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും മാരാർജിയുടെ നിഷ്‌ക്കളങ്കമായ പെരുമാറ്റം അതിൽ നിന്നെല്ലാം വിഭിന്നമായിരുന്നു. രാഷ്ട്രീയ വിശ്വാസഭേദമൊന്നും അതിന് തടസ്സമായില്ല. എന്നെ 'മോനേ...' എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. കൊല്ലം വഴി പോകുമ്പോഴെല്ലാം ഓഫീസിലിറങ്ങി അദ്ദേഹം എന്നെ കാണുമായിരുന്നു.

ഒരിക്കൽ അത്തരമൊരു സന്ദർശനവേളയിൽ ഒരു തീവ്രമുസ്ലീം ഗ്രൂപ്പിന്റെ ജിഹ്വയായ ആനുകാലികത്തിൽ വന്ന ഒരു പരസ്യം ഞാൻ ശ്രദ്ധയിൽപ്പെടുത്തി. ഒരു എയ്ഡഡ് ഗേൾസ് ഹൈസ്‌ക്കൂളിന്റെ പരസ്യമാണ്. മുസ്ലീം മതാചാരങ്ങൾ കർശനമായി പാലിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകൂ എന്നും, തല മറയ്ക്കുന്ന തട്ടവും മറ്റും നിർബന്ധമാണെന്നും അതിൽ എടുത്തുപറഞ്ഞിരുന്നു. സർക്കാർ പണം കൊണ്ട് പ്രവർത്തിക്കുകയും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൊതുഖജനാവിൽ നിന്ന് നൽകുകയും ചെയ്യുന്ന, നിയമവിധേയമായ ഒരു സ്‌ക്കൂളിന്റെ ഈ മതശാസന ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകുകയും, കോടതി ആ സ്‌ക്കൂളിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്തു.

പ്രകാശം പരത്തുന്ന ഓർമ്മയായി കെ.ജി. മാരാർ ഇന്നും മനസ്സിൽ നിലനിൽക്കുന്നു.

നിസ്വാർത്ഥതയും വിശ്വാസപ്രതിബദ്ധതയും രാഷ്ട്രീയ ജീവിതത്തിലുടനീളം പുലർത്തിയ സാത്വിക വ്യക്തിത്വത്തിനുടയുമായിരുന്നു അദ്ദേഹം. മാരാർജി എന്ന് എല്ലാവരും സ്‌നേഹപൂർവ്വം വിളിച്ചിരുന്ന കെ.ജി. മാരാർ എന്ന കരുവണ്ണിൽ ഗോവിന്ദൻ മാരാർ(17 സെപ്തംബർ 1934-25 ഏപ്രിൽ 1995). നാരായണ മാരാർ- നാരായണി മാരസ്യാർ ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു. വളരെ ദരിദ്രമായ കുടുംബപശ്ചാത്തലമായിരുന്നു. പറശ്ശിനിക്കടവ് ഹൈസ്‌ക്കൂളിൽ പത്തുവർഷത്തോളം ജോലി ചെയ്തശേഷം ജനസംഘത്തിന്റെ പ്രവർത്തനത്തിനായി ജോലി രാജിവച്ചു.

സ്‌ക്കൂൾ പഠനകാലത്തുതന്നെ ആർ.എസ്.എസ് പ്രചാരകനായി. 1956 ൽ പയ്യന്നൂരിൽ ആർ.എസ്.എസ് ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മാരാർജി ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു. 1975 ജൂൺ 25 നും 1977 മാർച്ചിനുമിടയിൽ നീണ്ടുനിന്ന അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും, 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അതിനുശേഷം ജനതാപ്പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി. കേരളത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയ അടിത്തറയിട്ട നേതാക്കളിൽ ജനകീയ മുഖമായിരുന്നു മാരാർജി. രാഷ്ട്രീയപോരാട്ടമെന്ന നിലയിൽ ഭാരതീയ ജനതാപ്പാർട്ടി സ്ഥാനാർത്ഥിയായി പല തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം മത്സരിച്ചിരുന്നു. ഇക്കൂട്ടത്തിൽ 1991 ൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നിന്നുള്ള മത്സരം ബി.ജെ.പിയുടെ സംസ്ഥാന ചരിത്രത്തിൽ ശ്രദ്ധേയമായ അടയാളക്കല്ലാണ്. മുസ്ലീംലീഗിന്റെ പ്രമുഖ നേതാവ് ചെർക്കളം അബ്ദുള്ളയുമായുള്ള നേർമത്സരത്തിൽ 1072 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് മാരാർജി പരാജയപ്പെട്ടത്. (28531 വോട്ടുകളാണ് മാരാർക്ക് കിട്ടിയതു) സി.പി.എം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു. ഈ അടിത്തറയുള്ളതുകൊണ്ടാവാം 2016 ൽ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ കേവലം 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 2021 ലും രണ്ടാം സ്ഥാനം നിലനിറുത്തിയെങ്കിലും വോട്ടുവ്യത്യാസം 745 ആയിരുന്നു. (എൽ.ഡി.എഫ്- യു.ഡി.എഫും ഒത്തുകളിച്ചു ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നു എന്ന ആരോപണം അന്ന് ഉയർന്നിരുന്നു.

മാരാർജിയുടെ പ്രാധാന്യം കണക്കിലെടുത്താണ് തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് 'മാരാർജി ഭവനം' എന്ന് പേരിട്ടിരിക്കുന്നത്. ജീവിതത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലുമായിട്ടില്ലാത്ത മാരാർ രാഷ്ട്രീയത്തിൽ വേറിട്ട സമുന്നത വ്യക്തിത്വമാണ്. ബി.ജെ.പിയിലെ പുതുതലമുറ കെ.ജി. മാരാരെ വേണ്ട രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img