04:45pm 03 May 2026
NEWS
വോട്ടെണ്ണാൻ മണിക്കൂറുകൾ അവശേഷിക്കെ ഇന്ദിരാഭവന് മുന്നിൽ പന്തലൊരുങ്ങി; പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങൾ വാങ്ങി സിപിഎമ്മും സജ്ജം; ഫലമറിയാൻ മാരാർജി ഭവനിൽ ബി​ഗ് സ്ക്രീൻ
03/05/2026  03:47 PM IST
nila
വോട്ടെണ്ണാൻ മണിക്കൂറുകൾ അവശേഷിക്കെ ഇന്ദിരാഭവന് മുന്നിൽ പന്തലൊരുങ്ങി; പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങൾ വാങ്ങി സിപിഎമ്മും സജ്ജം; ഫലമറിയാൻ മാരാർജി ഭവനിൽ ബി​ഗ് സ്ക്രീൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും സജ്ജം. തെരഞ്ഞെടുപ്പ് ഫലമറിയാൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ദിരാഭവനു മുന്നിൽ എൽഇഡി വാളുകൾ, പന്തൽ, കുടിവെള്ളം, ഫാനുകൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ഫലം അറിയാനാണ് തീരുമാനം. ഭരണത്തിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.

ഓഫിസിനകത്തെ സ്ഥലപരിമിതി കണക്കിലെടുത്താണ് മുറ്റത്ത് വലിയ സംവിധാനങ്ങൾ ഒരുക്കിയതെന്നാണ് കെപിസിസി നേതാക്കൾ വ്യക്തമാക്കുന്നത്. വർക്കിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ക്ഷണിക്കപ്പെട്ടിട്ടുണ്ട്. വിജയാഘോഷത്തിനായി പായസവും ലഡുവും ഇതിനകം ഓർഡർ ചെയ്തുകഴിഞ്ഞു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ രാവിലെ ഒൻപത് മണിയോടെ ആസ്ഥാനത്തെത്തും. വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നായിരിക്കും ഫലം വിലയിരുത്തുക. എ കെ ആന്റണി വീട്ടിലിരുന്ന് ജനവിധി നിരീക്ഷിക്കുമെന്ന് അറിയിച്ചപ്പോൾ, കെ സി വേണു​ഗോപാൽ ഡൽഹിയിലായിരിക്കാനാണ് സാധ്യത. നേരത്തെ സ്ഥാപിച്ച വൈദ്യുതാലങ്കാരങ്ങൾ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നീക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, സിപിഎം ക്യാംപിലും ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ്. തുടർഭരണം ഉറപ്പാണെന്ന വിലയിരുത്തലിൽ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ രാവിലെ എകെജി സെന്ററിലെത്തും. ഫലത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് തുടരണോ കണ്ണൂരിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കും.

ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി വി രാജേഷ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ പത്ത് മണിയോടെ അവിടെ എത്തുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img