02:19pm 12 November 2026
NEWS
പെട്ടിപൊട്ടിക്കാൻ ഇനി അഞ്ചുദിവസം; നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം
29/04/2026  05:22 AM IST
nila
പെട്ടിപൊട്ടിക്കാൻ ഇനി അഞ്ചുദിവസം; നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി അഞ്ചുദിവസം മാത്രം ബാക്കിയിരിക്കെ, അവസാനഘട്ട ഒരുക്കങ്ങൾ വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
നാലാം തീയതിയാണ് വോട്ടെണ്ണൽ നടക്കുക. പതിവുപോലെ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് ഇ.വി.എം വോട്ടുകളുടെ എണ്ണൽ ആരംഭിക്കുകയും ചെയ്യും. ഓരോ കേന്ദ്രത്തിലുമുള്ള ഇ.വി.എം മെഷീനുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് കൗണ്ടിങ് മേശകൾ ക്രമീകരിക്കുന്നത്. ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ സജ്ജമാക്കും.

കൗണ്ടിങ് മേശകൾക്കരികിൽ ബാരിക്കേഡിന് സമീപം രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ് ഏജന്റുകൾക്ക് നിരീക്ഷണത്തിനായി പ്രത്യേക ഇടം ഒരുക്കും. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണുന്ന മേശകൾക്കരികിലും സമാന സൗകര്യം ഉണ്ടായിരിക്കും. എല്ലാ മേശകളിലും ഒരേസമയം ഇ.വി.എം വോട്ടെണ്ണൽ നടത്തും. ഓരോ ഹാളിനും മേൽനോട്ടം വഹിക്കാൻ ഒരു ഉപവരണാധികാരിയെ നിയമിക്കും. വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരും ഉണ്ടാകും.

വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കില്ല. അത്തരം കവറുകൾ തുറക്കാതെ തന്നെ നിരസിച്ച് പ്രത്യേകമായി സീൽ ചെയ്ത് സൂക്ഷിക്കും. ആവശ്യമായ പ്രഖ്യാപനപത്രം ഇല്ലാത്തതോ, ഒപ്പിടാത്തതോ തുടങ്ങിയ കാരണങ്ങളാൽ ബാലറ്റ് പേപ്പറുകൾ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്.

ഇതിനിടെ, വിവിധ നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികൾ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനം പുരോഗമിക്കുന്നു. വെള്ളിയാഴ്ചയോടെ ഇത് പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img