
ന്യൂഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) നടപടികളിൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവർക്കും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
എസ്എസ്ആർ നടപടികൾ പൂർത്തിയാക്കിയുള്ള കരട് വോട്ടർപട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും. പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ഡിസംബർ 11 വരെ സമയമുണ്ട്. ഇതിനു ശേഷമുള്ള നടപടികൾ പൂർത്തിയാക്കി 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ എസ്ഐആർ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ സമയക്രമത്തിൽ മാറ്റമുണ്ടാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന് പുറമേ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പുർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടർപട്ടിക പുതുക്കൽ നടപടികൾ നടക്കുക.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എസ്എസ്ആർ നടപടികൾക്ക് തുടക്കമിടുന്നത്.










