
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് അവഗണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തെന്ന ആരോപണം കമ്മീഷൻ നിഷേധിച്ചു.
രാകേഷ് കുമാർ സിങ് സമർപ്പിച്ച ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. 2025 ജൂൺ 24, ഒക്ടോബർ 27, 2026 മേയ് 14 തീയതികളിലെ എസ്ഐആർ ഉത്തരവുകൾക്ക് കമ്മീഷനിലെ മൂന്ന് അംഗങ്ങളുടെയും ഏകകണ്ഠമായ അംഗീകാരമുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖപ്പെടുത്തിയ എതിർപ്പുകൾക്കിടയിലും എസ്ഐആറുമായി ബന്ധപ്പെട്ട 14 സുപ്രധാന തീരുമാനങ്ങൾ കമ്മീഷന്റെ പേരിൽ പുറപ്പെടുവിച്ചെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഹർജി സമർപ്പിച്ചത്.
ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ ഭാനു പ്രകാശ് യെതുരു സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഏകകണ്ഠമായി അംഗീകാരം നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
പത്രവാർത്തയെ മാത്രം ആശ്രയിച്ചാണ് ഹർജി നൽകിയതെന്നും ആരോപണങ്ങളുടെ വസ്തുതകൾ എതിർകക്ഷികളുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലെന്നും കമ്മീഷൻ വാദിച്ചു. അതിനാൽ ഹർജി നിലനിൽക്കില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ആഭ്യന്തര കുറിപ്പുകളോ ഫയലുകളോ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്നും അവ പുറത്തുവിടാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഫയൽ പരിശോധിക്കുന്നതിനിടെ കമ്മീഷണർമാർ രേഖപ്പെടുത്തുന്ന നിരീക്ഷണങ്ങളും ചോദ്യങ്ങളും നിർദേശങ്ങളും മാത്രം കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സാധാരണയായി ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പരിഗണനയ്ക്കുശേഷം മറ്റൊരു കമ്മീഷണറിലേക്കും തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിലേക്കുമാണ് ഫയലുകൾ എത്തുന്നതെന്ന് കമ്മീഷൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച 2023-ലെ നിയമത്തിലെ 18-ാം വകുപ്പനുസരിച്ചാണ് തീരുമാനങ്ങളെടുത്തതെന്നും കമ്മീഷൻ വാദിച്ചു. പ്രായോഗികമായി സാധ്യമാകുന്നിടത്തോളം തീരുമാനങ്ങൾ ഏകകണ്ഠമായും അതിന് കഴിയാത്ത സാഹചര്യങ്ങളിൽ ഭൂരിപക്ഷാടിസ്ഥാനത്തിലും എടുക്കണമെന്നാണ് ഈ വകുപ്പിലെ വ്യവസ്ഥ.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള നിയമപ്രകാരമുള്ള അപേക്ഷയായ ഫോം 6 ഭേദഗതി ചെയ്തെന്ന ആരോപണവും കമ്മീഷൻ നിഷേധിച്ചു. എസ്ഐആർ നടപടിയുടെ ഭാഗമായി ആവശ്യപ്പെടുന്ന സത്യപ്രസ്താവന പ്രത്യേക രേഖയാണെന്നും അത് ഫോം 6-ന്റെ ഭേദഗതിയല്ലെന്നും കമ്മീഷൻ അറിയിച്ചു. നിർദിഷ്ട ഫോമിൽ ഭേദഗതി വരുത്താനുള്ള അധികാരം കേന്ദ്ര സർക്കാരിനുമാത്രമാണെന്നും വ്യക്തമാക്കി.
എന്നാൽ ഓൺലൈൻ അപേക്ഷയിൽ സത്യപ്രസ്താവന പ്രദർശിപ്പിച്ചിരുന്ന രീതി, ഫോം 6 ഭേദഗതി ചെയ്തെന്ന ധാരണ സൃഷ്ടിക്കാമെന്ന് കമ്മീഷൻ സമ്മതിച്ചു. ഇത് പരിഹരിക്കുന്നതിന് 2026 ഒക്ടോബർ 21 മുതൽ ഓൺലൈൻ അപേക്ഷയിൽ ഫോം 6-ഉം എസ്ഐആർ സത്യപ്രസ്താവനയും പ്രത്യേകം പ്രദർശിപ്പിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പിന്തുടരുന്ന രീതിക്ക് അനുസൃതമായാണ് ഈ ക്രമീകരണം.
അപേക്ഷകരെ മുൻ വോട്ടർപട്ടികകളിലെ വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സഹായക സംവിധാനമായാണ് സത്യപ്രസ്താവന ഏർപ്പെടുത്തിയതെന്നും കമ്മീഷൻ വിശദീകരിച്ചു.
മുൻ വോട്ടർപട്ടികകളുമായി വിവരങ്ങൾ ബന്ധിപ്പിക്കാൻ കഴിയാത്ത വോട്ടർമാർ സാധാരണയായി നേരിട്ട് ഹിയറിങ്ങിന് ഹാജരാകേണ്ടതില്ലെന്നും കമ്മീഷൻ അറിയിച്ചു. ആവശ്യമായ രേഖകൾ ബൂത്ത് ലെവൽ ഓഫീസർമാർ അവരുടെ വീടുകളിലെത്തി ശേഖരിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.










