
രാജ്യത്തെ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ തെളിവുകൾ സഹിതം സമർപ്പിക്കണമെന്നാണ് കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ, വോട്ടർപട്ടികയിൽ ഉൾപ്പെട്ട അനർഹരായവരുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനൊപ്പം രാഹുൽ ഗാന്ധി ഒപ്പിട്ട സത്യവാങ്മൂലവും സമർപ്പിക്കണമെന്നും രാഹുൽഗാന്ധിക്ക് തെരഞ്ഞെടുപ്പ് ഓഫീസർ അയച്ച കത്തിൽ പറയുന്നു. വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് ഈ നടപടിയെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ കത്തിൽ വ്യക്തമാക്കുന്നത്.
അതേസമയം, താൻ പറഞ്ഞ വോട്ടർപട്ടികയിലെ വിവരങ്ങൾ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിനെക്കുറിച്ച് രാഹുൽഗാന്ധി പ്രതികരിച്ചു. ''ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്. ഞാൻ ജനങ്ങളോട് എന്താണ് പറയുന്നത് അത് എന്റെ വാക്കാണ്. എല്ലാവരോടും പരസ്യമായിട്ടാണ് ഞാൻ അത് പറയുന്നത്. അത് ഒരു സത്യപ്രതിജ്ഞയായി എടുക്കുക. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റയാണ്. ആ ഡേറ്റയാണ് ഞങ്ങൾ പ്രദർശിപ്പിച്ചതും. ഇത് ഞങ്ങളുടെ ഡേറ്റയല്ല. രസകരമെന്ന് പറയട്ടെ, അവർ ഇതിലെ വിവരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. രാഹുൽഗാന്ധി സംസാരിച്ച വോട്ടർപട്ടികയിലെ വിവരങ്ങൾ തെറ്റാണെന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാതിരഞ്ഞെടുപ്പ് കമ്മീഷൻ അത് തെറ്റാണെന്ന് പറയാത്തത്. കാരണം അവർക്ക് സത്യം അറിയാം. രാജ്യത്താകെ ഇങ്ങനെചെയ്തിട്ടുണ്ടെന്നും അവർക്കറിയാം', രാഹുൽഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഒത്തുകളിച്ചെന്നും തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമായിരുന്നു രാഹുൽഗാന്ധിയുടെ ആരോപണം. കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ ക്രമക്കേട് നടന്നരീതിയും ഇതിന്റെ വിശദാംശങ്ങളും വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽഗാന്ധി വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾതേടി തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കത്തയച്ചത്.











