
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെ ശരിവെക്കുന്ന പ്രതികരണമാണ് കമ്മീഷൻ നടത്തിയത്. രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും കമ്മീഷൻ പറയുന്നു. എന്നാൽ, ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. ആ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
എന്നാൽ, രാഹുൽ ഗാന്ധി പറഞ്ഞതുപോലെ ഓൺലൈനായി വോട്ട് ഒഴിവാക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. വ്യക്തികളെ നേരിട്ട് കേൾക്കാതെ വോട്ട് ഒഴിവാക്കാനാകില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല എന്നും കമ്മീഷൻ പറയുന്നു.











