11:00pm 29 April 2026
NEWS
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ
17/08/2025  03:42 PM IST
nila
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകൾ എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. വോട്ടർമാരും രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഓഫീസർമാരും ഒരുമിച്ച് സുതാര്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ പരിശോധിച്ചുറപ്പിച്ച് ഒപ്പിട്ടും വേണ്ടിവന്നാൽ വീഡിയോ തെളിവുകൾ നൽകിയും ബിഎൽഒമാരും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതൃത്വത്തിന് നൽകുന്ന ഇത്തരം രേഖകൾ ആ പാർട്ടികളുടെ സംസ്ഥാന നേതാക്കളിലേക്കോ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നില്ല എന്നു വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി നേതൃത്വം ഇതെല്ലാം അവഗണിക്കുന്നതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാർത്താസമ്മേളനത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ പരോക്ഷമായി വിമർശിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ മടിച്ചില്ല.  ചില നേതാക്കൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച്‌ പ്രചാരണം കടുപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ തുടക്കം കുറിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img