09:06am 26 September 2026
NEWS
‘വി.ഐ.പി.’ വോട്ടർമാർക്ക് പ്രത്യേക പരിഗണന? എസ്.ഐ.ആർ. വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പിൽ പുതിയ ഫീച്ചർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
26/09/2026  08:06 AM IST
nila
 ‘വി.ഐ.പി.’ വോട്ടർമാർക്ക് പ്രത്യേക പരിഗണന? എസ്.ഐ.ആർ. വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പിൽ പുതിയ ഫീച്ചർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആർ. (Special Intensive Revision) ചർച്ചകൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ പുതിയ വിവാദം. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) ഉപയോഗിക്കുന്ന ഓൺലൈൻ ആപ്പിൽ ‘മാർക്ക് വി.ഐ.പി.’ എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചോദ്യങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. പൗരന്മാരെ വി.ഐ.പി., സാധാരണക്കാർ എന്നിങ്ങനെ വേർതിരിക്കുന്ന സംവിധാനമാണോ ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.

ജൂലായ് 30-നാണ് ആപ്പിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയത്. വി.ഐ.പി. വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാൻ വേണ്ടിയാണ് ഫീച്ചർ കൊണ്ടുവന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ ഫീച്ചർ നിലവിൽ വന്നതിന് പിന്നാലെ ഡൽഹിയിലെ നിരവധി വി.ഐ.പി. വോട്ടർമാർക്ക് നോട്ടീസ് ലഭിച്ചതും ശ്രദ്ധേയമായി.

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ, തിരഞ്ഞെടുപ്പ് കമ്മിഷണർ സുഖ്ബിർ സിങ് സന്ധു, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി തുടങ്ങിയവർക്കാണ് നോട്ടീസ് ലഭിച്ചത്.

സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ടാണെന്നാണ് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വി.ഐ.പി. വോട്ടറുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രത്യേകം രേഖപ്പെടുത്തുന്നതിനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നും ഇവർ പറയുന്നു. ജൂലായ് 30ന് ഡൽഹിയിൽ എസ്.ഐ.ആർ. എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകുന്ന നടപടികൾ പുരോഗമിക്കുകയായിരുന്നു.

അതേസമയം, വോട്ടർമാരെ വി.ഐ.പി. വിഭാഗത്തിൽ ഉൾപ്പെടുത്തി തിരിച്ചറിയാനുള്ള സംവിധാനം പുതിയതല്ലെന്നാണ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം. 2018 മുതൽ തന്നെ ഇത്തരമൊരു വ്യവസ്ഥ നിലവിലുണ്ടെന്നാണ് അവകാശവാദം. ഡൽഹിയിൽ മാത്രം ഏകദേശം 3,000 വി.ഐ.പി. വോട്ടർമാരുണ്ടെന്നും കമ്മിഷൻ വൃത്തങ്ങൾ പറയുന്നു.

2023 മാർച്ചിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വോട്ടർപട്ടിക മാന്വൽ പ്രകാരം എം.പി.മാർ, എം.എൽ.എമാർ, എം.എൽ.സി.മാർ, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കായികതാരങ്ങൾ, ജുഡീഷ്യറിയിലുള്ളവർ, പൊതുസേവകർ തുടങ്ങിയവരെ വി.ഐ.പി. വിഭാഗത്തിൽ ഉൾപ്പെടുത്താം.

ഇത്തരത്തിലുള്ള വോട്ടർമാരുടെ പേരുകൾ കരട് വോട്ടർപട്ടികയിൽ ഉറപ്പാക്കേണ്ടത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരാണ് (ഇ.ആർ.ഒ.). വി.ഐ.പി. വിഭാഗത്തിലുള്ളവർ എന്യുമറേഷൻ ഫോം സമർപ്പിച്ചിട്ടില്ലെങ്കിലും അവരുടെ പേരുകൾ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

നോട്ടീസ് നൽകാൻ കഴിയുമെങ്കിലും ഇവർ വാദംകേൾക്കലിനായി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാന്വലിൽ വ്യക്തമാക്കുന്നുണ്ട്. എസ്.ഐ.ആർ. നടപടികൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് ‘വി.ഐ.പി.’ ഫീച്ചറും ചർച്ചയാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img