
ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരെ കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കമ്മീഷൻ. കമ്മീഷനെ കാണാൻ പ്രതിപക്ഷം ഔദ്യോഗികമായി മുൻകൂട്ടി അനുമതി തേടിയിരുന്നില്ലെന്നും പാർലമെന്റ് അനെക്സിലെത്തി 240 എംപിമാരെ കാണണമെന്ന ആവശ്യം നിലവിലെ പ്രോട്ടോക്കോളിന് വിരുദ്ധമായതിനാലാണ് അംഗീകരിക്കാതിരുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
ഒക്ടോബർ ആറിന് വൈകിട്ട് നാല് മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയോ പ്രതിനിധിയോ കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമയം തേടിയിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇതിനുശേഷമാണ് പ്രതിപക്ഷം കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. പാർലമെന്റ് അനെക്സിൽ 240 എംപിമാരെ കാണാൻ കമ്മീഷൻ നേരിട്ടെത്തണമെന്ന ആവശ്യം അസാധാരണവും നിലവിലെ നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണെന്നും കമ്മീഷൻ പറഞ്ഞു.
പ്രതിപക്ഷ എംപിമാരെ കാണുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥനെ അയയ്ക്കാമെന്ന അസാധാരണ നിർദേശവും കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ നിർദേശം രാഹുൽ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. സാധാരണയായി രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്താണ് നടക്കുന്നതെന്നും അവിടെ കൂടിക്കാഴ്ചയ്ക്ക് തടസ്സമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് പിന്നീട് വിട്ടയച്ചു. പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്ത മറ്റ് പ്രതിപക്ഷ എംപിമാരെയും വിട്ടയച്ചു. രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ കിങ്സ് വേ ക്യാംപിലേക്ക് മാറ്റിയ ശേഷമാണ് വിട്ടയച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) നടപടിക്കെതിരെയുമാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുൽ ഗാന്ധിയുടെ കസ്റ്റഡിയെ തുടർന്ന് കേരളത്തിലും കോൺഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പാലക്കാട് രാത്രിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. കായംകുളത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ കെപിസിസിയും പ്രതിഷേധം രേഖപ്പെടുത്തി.











