
നെയ്യാറ്റിൻകര: ബലാത്സംഗക്കേസിൽ മുൻ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിൽ ഉൾപ്പെടെ മൂന്ന് പ്രതികളെ നെയ്യാറ്റിൻകര കോടതി വെറുതെവിട്ടു. കേസിലെ പ്രധാന സാക്ഷിയായ അതിജീവിത വിചാരണക്കിടെ മൊഴിമാറ്റിയതോടെയാണ് കോടതി മൂന്നു പ്രതികളെയും കുറ്റവിമുക്തരാക്കിയത്.
കോടതിയിൽ ഹാജരായ പരാതിക്കാരി, താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നും പ്രതി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും മൊഴി നൽകി. ഇതിന് പിന്നാലെ കേസിലെ മറ്റ് രണ്ട് സാക്ഷികളും മുൻ മൊഴികളിൽ നിന്ന് പിന്മാറുകയായിരുന്നു.
2022 സെപ്റ്റംബർ 28-നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പേട്ട സ്വദേശിനിയായ യുവതി, അന്നത്തെ എംഎൽഎയായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കോവളത്ത് കൊണ്ടുപോയി കാറിനുള്ളിൽ വെച്ച് അതിക്രമം നടത്തിയെന്നുമാണ് ആരോപിച്ചത്. കൂടാതെ, കുന്നിൻമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ വിചാരണ ഘട്ടത്തിൽ പരാതിക്കാരിയും മറ്റ് പ്രധാന സാക്ഷികളും മൊഴിമാറ്റിയതോടെ, കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവം കണക്കിലെടുത്താണ് കോടതി പ്രതികളെ വെറുതെവിട്ടത്.










