05:16am 29 September 2026
NEWS

ഭാര്യക്ക് കാൻസർ; ചികിത്സിക്കാൻ പണം കണ്ടെത്താൻ 81കാരൻ പണിയെടുക്കുന്നത് 14 മണിക്കൂർ വരെ

27/09/2026  08:54 PM IST
nila
 ഭാര്യക്ക് കാൻസർ; ചികിത്സിക്കാൻ പണം കണ്ടെത്താൻ 81കാരൻ പണിയെടുക്കുന്നത് 14 മണിക്കൂർ വരെ

ഒരു ലഗേജ് വീട്ടിലെത്തിക്കാനെത്തിയ 81കാരൻ. ഭാരമേറിയ ബാഗുകളുമായി വലിയ പടികൾ കയറുന്നതിനിടെ ഓരോ ചുവടിലും തളർന്നുപോകുന്ന വൃദ്ധൻ. ആ കാഴ്ച കണ്ട ഒരാൾ അത് ക്യാമറയിൽ പകർത്തി. എന്നാൽ ആ ദൃശ്യത്തിന് പിന്നിലെ ജീവിതകഥ പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്.

അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഡല്ലാസ്-ഫോർട്ട് വർത്ത് മേഖലയിൽ താമസിക്കുന്ന എറിൻ ഹവലിന്റെ നഷ്ടപ്പെട്ട ലഗേജ് എത്തിച്ചുകൊടുക്കാനാണ് ഡോൺ ജോൺസൺ എത്തിയത്. ലഗേജുമായി പടികൾ കയറുമ്പോൾ ഡോൺ ഏറെ ബുദ്ധിമുട്ടുന്നത് എറിൻ ശ്രദ്ധിച്ചു. പ്രായത്തിന്റെ ക്ഷീണം വ്യക്തമായിരുന്നെങ്കിലും ജോലി പൂർത്തിയാക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.

ഈ കാഴ്ചയാണ് എറിൻ പിന്നീട് GoFundMe വഴി പങ്കുവച്ചത്. 81 വയസ്സുള്ള ഒരാൾക്ക് ഇത്രയും കഠിനമായ ജോലി ചെയ്യേണ്ടിവരുന്നതിന്റെ കാരണം അറിഞ്ഞപ്പോഴാണ് കഥ മറ്റൊരു തലത്തിലേക്ക് മാറിയത്.

കാൻസർ ബാധിച്ച ഭാര്യ ജോസഫിന്റെ ചികിത്സയ്ക്കായാണ് ഡോൺ ഇപ്പോഴും ജോലി ചെയ്യുന്നത്. 57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾ മകളോടൊപ്പമാണ് താമസം. ജോസഫിന്റെ രോഗം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ കടുത്ത സമ്മർദത്തിലാക്കി.

ചികിത്സയ്ക്കും മരുന്നുകൾക്കുമുള്ള പണം കണ്ടെത്താൻ ഏകദേശം മൂന്ന് വർഷം മുമ്പാണ് ഡോൺ ലഗേജ് ഡെലിവറി ജോലി ആരംഭിച്ചത്. പ്രായമായതിനാൽ മറ്റ് ജോലികൾ ലഭിക്കാത്തതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. ആമസോൺ, വാൾമാർട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി തേടിയെങ്കിലും ശ്രമങ്ങൾ വിജയിച്ചില്ല.

അതോടെ ലഗേജ് ഡെലിവറി തന്നെ ആശ്രയമായി. ദിവസവും 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവന്നു. ദീർഘദൂരം വാഹനമോടിച്ച് ഭാരമേറിയ ബാഗുകൾ വീടുകളിലെത്തിക്കുന്നതിനിടെ സ്വന്തം കാറിനും കേടുപാടുകൾ സംഭവിച്ചു. എന്നിട്ടും ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഡോൺ ജോലി തുടർന്നു.

ഡോണിന്റെ അവസ്ഥ അറിഞ്ഞതോടെ എറിൻ സഹായത്തിനായി GoFundMe ക്യാമ്പെയ്ൻ ആരംഭിച്ചു. 3 ലക്ഷം ഡോളറാണ് ലക്ഷ്യമിട്ടത്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 2.44 ലക്ഷം ഡോളറിലധികം ലഭിച്ചു. ഏകദേശം 2.87 കോടി രൂപയാണ് ഇത്.

ലഭിച്ച പിന്തുണ ഡോണിന്റെ ജീവിതത്തിൽ വലിയ ആശ്വാസമായി. ഈ സഹായത്തോടെ വർഷങ്ങളായി തുടരുന്ന കഠിനാധ്വാനത്തിൽ നിന്ന് കുറച്ചെങ്കിലും മോചനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കാൻസറിനെ നേരിടുന്ന ജോസഫിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഈ പിന്തുണ വലിയ ആശ്വാസമായി. പ്രാർത്ഥനകളും സാമ്പത്തിക സഹായവും തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് ജോസഫ് പറഞ്ഞു.

ഒരു നഷ്ടപ്പെട്ട ലഗേജ് എത്തിക്കാനുള്ള സാധാരണ യാത്രയായിരുന്നു അത്. പക്ഷേ, പടികൾ കയറുന്ന ആ 81കാരന്റെ ദൃശ്യം ഒടുവിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സഹായമായി മാറുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img