
മയ്യനാട്: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ച് വയോധിക ലോട്ടറി വിൽപനക്കാരിയിൽ നിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യനാട് ധവളക്കുഴി വയലിൽ വീട്ടിൽ അമ്പിളിയാണ് അപരിചിതനായ യുവാവിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാരിക്കുഴിക്കും താന്നിമുക്കിനും മധ്യേ വലിയതോട്ടത്തുകാവ് ക്ഷേത്രത്തിന് സമീപമാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈവശമുണ്ടെന്നും അത് എടുത്തതിന് ശേഷം ബാക്കി പണവും ടിക്കറ്റും നൽകണമെന്നും യുവാവ് അമ്പിളിയോട് ആവശ്യപ്പെടുകയായിരുന്നു.
ടിക്കറ്റ് പരിശോധിച്ച ശേഷം സമ്മാനത്തുകയെന്ന് കരുതി അമ്പിളി യുവാവിന് 4000 രൂപ നൽകി. ഇതോടൊപ്പം 100 രൂപയുടെ മറ്റൊരു ലോട്ടറി ടിക്കറ്റും യുവാവ് അമ്പിളിയിൽ നിന്ന് വാങ്ങി. തുടർന്ന് യുവാവ് സ്ഥലത്തുനിന്ന് പോയി.
വൈകുന്നേരം ടിക്കറ്റ് മാറ്റിയെടുക്കുന്നതിനായി കടയിലെത്തിയപ്പോഴാണ് അമ്പിളിക്ക് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. ടിക്കറ്റിലെ ‘0’ എന്ന അക്കങ്ങൾ തിരുത്തി ‘9’ ആക്കിയായിരുന്നു കബളിപ്പിക്കൽ നടത്തിയതെന്നാണ് കണ്ടെത്തിയത്.
കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവനത്തിനുമായാണ് അമ്പിളി ലോട്ടറി വിൽപന നടത്തുന്നത്. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് ഇവർ ദിവസവും ലോട്ടറി വിൽക്കുന്നത്.
“ചായപോലും കുടിക്കാതെ ഉണ്ടാക്കിയ പണമാണ്. മകന്റെ പ്രായമേയുള്ളൂ. ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല” എന്നാണ് അമ്പിളിയുടെ പ്രതികരണം.
സംഭവത്തിൽ അമ്പിളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.











