04:12pm 19 August 2026
NEWS
ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതിയിൽ നിന്നും ഹെറോയിൻ പിടികൂടി
19/08/2026  12:45 PM IST
nila
ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതിയിൽ നിന്നും ഹെറോയിൻ പിടികൂടി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ആറ് ഗ്രാം ഹെറോയിൻ കണ്ടെത്തി. നരബലി കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഷാഫിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇന്നലെ വിചാരണ പൂർത്തിയാക്കി ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി താഴേക്ക് ഇറക്കുന്നതിനിടെയാണ് മുണ്ടിന്റെ മടിക്കുത്തിൽ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം ഹെറോയിൻ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഉടൻതന്നെ വിചാരണക്കോടതിയെ പൊലീസ് അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനും വിവരം കൈമാറി.

രാത്രി 7.35ഓടെ ദേഹപരിശോധന പൂർത്തിയാക്കിയ പൊലീസ് രാത്രി 10 മണിയോടെ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

കോടതിയിലെ ശുചിമുറിയിൽ പോയ സമയത്ത് രണ്ട് പേർ ഷാഫിക്ക് ഹെറോയിൻ കൈമാറിയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി. കേസിലെ കൂട്ടുപ്രതികളായ ലൈലയെയും ഭർത്താവ് ഭഗവൽ സിങ്ങിനെയും ഇന്നലെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരുന്നു.

കാലടി മറ്റൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനി റോസ്‌ലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ വിചാരണ പുരോഗമിക്കുന്നത്. കടവന്ത്രയിൽ താമസിച്ച് ലോട്ടറി വിൽപ്പന നടത്തിയിരുന്ന പദ്മത്തെ വാഹനത്തിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയതും മുഹമ്മദ് ഷാഫിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img