04:53pm 23 November 2026
NEWS
ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണമെന്ന പള്ളിയിലെ പ്രസം​ഗം വിവാദമാകുന്നു
17/08/2025  09:21 AM IST
nila
ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണമെന്ന പള്ളിയിലെ പ്രസം​ഗം വിവാദമാകുന്നു

ലീഗും സമസ്തയും ഒന്നിച്ച് നിൽക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു.  വടകര ഓർക്കാട്ടേരി പള്ളിയിൽ ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ  ആബിദ് ഹുദവി തച്ചണ്ണ നടത്തിയ പ്രസം​ഗത്തിനെതിരെ എപി വിഭാഗം സുന്നികൾ രംഗത്തെത്തി. സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണമെന്നായിരുന്നു ആബിദ് ഹുദവിയുടെ പ്രസം​ഗം.

ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന് ആബിദ് ഹുദവി പറഞ്ഞു. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിൽക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും ആബിദ് ഹുദവി പറയുകയുണ്ടായി.

ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിൻകല്ല് തിയറിയുണ്ടോ എന്ന ചോദ്യമുയർത്തി സമസ്ത എപി വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട് രം​ഗത്തെത്തി. ഫെയ്​സ്ബുക്ക് പോസ്റ്റിലാണ് വഹാബ് സഖാഫി മമ്പാട് ഇക്കാര്യം ചോദിച്ചത്. 

സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിംലീഗെന്ന അടുപ്പിൻ കല്ല് രൂപം കൊണ്ടിട്ടില്ലെന്നും പരിഹാസം ഉയർന്നു. ആരാധനക്കായി ഉപയോഗിക്കുന്ന പള്ളികൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ശക്തമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img