08:29am 30 April 2026
NEWS
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയേയോ, പി.കെ കുഞ്ഞാലിക്കുട്ടിയേയോ മുഖ്യമന്ത്രി ആക്കണം: പി. രാമഭദ്രൻ
30/04/2026  07:08 AM IST
nila
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയേയോ, പി.കെ കുഞ്ഞാലിക്കുട്ടിയേയോ മുഖ്യമന്ത്രി ആക്കണം: പി. രാമഭദ്രൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാകണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാന്റിനോട്‌ ആവശ്യപ്പെട്ടു.

ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നിർവഹിക്കാനുള്ള എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പേര് വലിച്ചിഴകേണ്ടതില്ല. എം.പി മാരെ പരിഗണിക്കുന്നുണ്ടങ്കിൽ പ്രഥമ പരിഗണന നൽക്കേണ്ടത് കൊടിക്കുന്നിൽ സുരേഷിനാണ്.മുതിർന്ന പാർലമെന്റ് അംഗമെന്ന നിലയിലും ദലിത്  വിഭാഗക്കാരനെന്ന നിലയിലും ഇന്നത്തെ സാഹചര്യത്തിൽ സുരേഷിനെക്കാൾ യോഗ്യതയുള്ള മറ്റൊരു എം.പി യുമില്ല.

 എല്ലാ അധികാര കേന്ദ്രങ്ങളിൽ നിന്നും മുസ്ലീങ്ങളെ തുടച്ചുമാറ്റുന്ന ബിജെപി ക്കും കേന്ദ്രസർക്കാരിനും കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരം ആയിരിക്കും പി.കെ.കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. മുസ്ലിം സഹവർത്തിത്വവും മതേതര മൂല്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനുള്ള ആർജ്ജവം കാട്ടണം.പി.എസ്.പി കോൺഗ്രസ്സിന്റെ ഘടകകക്ഷിയായിരുന്ന 1960ൽ പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ കോൺഗ്രസ്‌ മുഖ്യമന്ത്രിയാക്കി. ഉപമുഖ്യമന്ത്രി ആർ.ശങ്കറുമായിട്ടുള്ള ഭിന്നതയെ തുടർന്ന് പട്ടം താണുപിള്ളയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയപ്പോൾ പട്ടം താണുപിള്ളയെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്‌ സർക്കാർ 6 വർഷം പഞ്ചാബിലും ആന്ധ്രപ്രദേശിലും കോൺഗ്രസ്‌ കാരനല്ലാത്ത പട്ടം താണുപിള്ളയെ ഗവർണ്ണറായി വാഴിച്ചു. അതേ സമയം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട പിന്നോക്ക ക്കാരനായ ആർ.ശങ്കർക്ക് മരണം വരെ കോൺഗ്രസ്സിൽ യാതൊരു സ്ഥാനവും നൽകിയിരുന്നില്ല.സി.പി.ഐ കോൺഗ്രസിന്റെ കടകക്ഷിയായിരുന്നപ്പോൾ സി.പി.ഐയിൽ നിന്നും സി.അച്യുതമേനോനെയും പി.കെ.വാസുദേവൻ നായരെയും മുഖ്യമന്ത്രി കസേരയിൽ അവരോധിച്ചവർ കേരള രാഷ്ട്രീയത്തിലെ അതികായകരിൽ പ്രധാനിയായ കെ.എം.മാണിയെ മുഖ്യമന്ത്രി യാക്കാതിരുന്നതും സി.എച്ച് മുഹമ്മദ് കോയയെ വെറും 54 ദിവസം മാത്രം മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതും രാഷ്ട്രീയ രംഗത്തെ മഹാ അപരാധമായിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണം. സിപിഐക്ക് കോൺഗ്രസുമായി വെറും 13 വർഷത്തെ ഐക്യമുന്നണി ബന്ധമെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുസ്ലിം ലീഗുമായി 61 വർഷത്തെ മുന്നണി ബന്ധമുണ്ട്. കോൺഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ദേശീയ നേതാക്കളായ എ.എ.റഹീം,ടി.ഓ.ബാബ,ഡി.എച്ച്.മുസ്തഫ,എം.എം.ഹസൻ,ആര്യാടൻ മുഹമ്മദ് എന്നിവരൊക്കെ മുഖ്യമന്ത്രി ആകാൻ യോഗ്യരായിരുന്നു. ഇവരെയെല്ലാം കാലാകാലങ്ങളിൽ കോൺഗ്രസ്‌ അവഗണിച്ചു.എന്നാൽ മുസ്ലിം വിഭാഗത്തിൽ പെട്ടവരും ദലിതരും മുഖ്യമന്ത്രിപദം വഹിക്കുന്നതിനെതിരായ വികലവിവേചനബോധമാണ് ഈ മനോഭാവത്തിനു പിന്നിലുള്ളത്. അതിനെ പൊതുബോധമാക്കി രാഷ്ട്രീയപാർട്ടികൾ മാറ്റിയിരിക്കുന്നതിന് അന്ത്യംക്കുറിച്ചേ മതിയാവൂ. ഇന്ത്യയിൽ ജമ്മു കാശ്മീരിൽ മാത്രമാണ് ഒരു മുസ്ലിം മുഖ്യമന്ത്രിയുള്ളത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും വക്കഫ് വകുപ്പുകൾ പോലും ഭരിക്കുന്നത് ഹിന്ദുത്വമന്ത്രിമാരാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംഭരണ നിയമത്തിൽ പിന്നോക്ക സമുദായങ്ങൾക്ക് സംവരണം അനുവദിക്കാതിരുന്നത് മുസ്ലിം വനിതകൾ പാർലമെന്റിലും നിയമസഭകളിലും എത്തിച്ചേരരുത് എന്ന ദുരുദ്ദേശത്തോടുകൂടിയായിരുന്നു.

 ഈ തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും വലിയ തമാശകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർ സ്ഥാനാർഥിയായ യു.ഡി.എഫ് കാരൻ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതും 100 സീറ്റ് കിട്ടിയില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനവുമാണ്. വി.ഡി സതീശൻ നല്ല കഴിവുള്ള നേതാവാണ്. അദ്ദേഹം വനവാസത്തിന് പോകണമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്ന കാര്യമല്ല. യു.ഡി.എഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ നല്ല ധനകാര്യ മന്ത്രിയെ സതീശനിലൂടെ കേരളീയർ പ്രതീക്ഷിക്കുന്നുണ്ട്. ദലിത് - പിന്നോക്ക വിഭാഗത്തിന് ആനുപാതികമായ മന്ത്രി സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ഏത് മുന്നണിയായാലും എതിർക്കപ്പെടും. ദലിത് - പിന്നോക്ക വിഭാഗങ്ങൾ വെറും വോട്ട് കുത്തികളായി എന്നും ക്ഷമിച്ചു കൂടെ നിൽക്കുമെന്ന് അധികാര രാഷ്ട്രീയത്തിലുള്ളവർ കരുതേണ്ടതില്ലെന്ന് പി.രാമഭദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img