
ലോസ് ആഞ്ചലസ് കൗണ്ടിയിലെ അർക്കേഡിയ നഗരത്തെ നടുക്കി മുൻ മേയർ ഐലീൻ വാങ് എന്ന യുവതിക്കെതിരെ ചാരപ്രവർത്തന കേസ്. ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണത്തിൽ അവർ കുറ്റസമ്മതം നടത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. അമേരിക്കൻ പ്രാദേശിക രാഷ്ട്രീയ സംവിധാനങ്ങളിലേക്ക് വിദേശ സ്വാധീനം കടന്നുകയറുന്നുവെന്ന ആശങ്ക വീണ്ടും ശക്തമാക്കുന്നതാണ് ഈ സംഭവം. 2022ൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐലീൻ വാങ് പിന്നീട് അർക്കേഡിയ മേയറായി ചുമതലയേറ്റിരുന്നു. എന്നാൽ അധികാരത്തിലെത്തുന്നതിന് മുൻപേ തന്നെ ചൈനീസ് സർക്കാരിന്റെ താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ അവർ മേയർ സ്ഥാനം രാജിവെച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം, 2020 മുതൽ 2022 വരെ ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വാങ് പ്രവർത്തിച്ചു. യാവോണിങ് ‘മൈക്ക്’ സൺ എന്ന വ്യക്തിയുമായി ചേർന്ന് “യുഎസ് ന്യൂസ് സെന്റർ” എന്ന ഓൺലൈൻ മാധ്യമ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ചൈന അനുകൂല പ്രചാരണങ്ങൾ നടത്തിയതെന്ന് കണ്ടെത്തി. ചൈനീസ്-അമേരിക്കൻ സമൂഹത്തെ ലക്ഷ്യമിട്ട് ചൈനീസ് സർക്കാരിന് അനുകൂലമായ ലേഖനങ്ങളും വാർത്തകളും പ്രചരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
അമേരിക്കൻ നിയമപ്രകാരം വിദേശ സർക്കാരുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫെഡറൽ രജിസ്ട്രേഷൻ നടത്തണം. എന്നാൽ അത്തരമൊരു രജിസ്ട്രേഷനും നടത്താതെയാണ് വാങ് പ്രവർത്തിച്ചതെന്നാണ് കേസ്. ഇത് വിദേശ ഏജന്റ് രജിസ്ട്രേഷൻ നിയമത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നത്.
കേസിലെ സഹപ്രതി യാവോണിങ് സൺ നേരത്തേ തന്നെ സമാന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. ചൈനീസ് സർക്കാരിന്റെ താൽപര്യങ്ങൾ അമേരിക്കൻ രാഷ്ട്രീയ സംവിധാനങ്ങളിലൂടെ നടപ്പാക്കാൻ ശ്രമിച്ച സംഘടിത നീക്കത്തിന്റെ ഭാഗമായാണ് ഇരുവരുടെയും പ്രവർത്തനങ്ങളെ പ്രോസിക്യൂഷൻ വിശേഷിപ്പിക്കുന്നത്.
എഫ്ബിഐ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഈ കേസിനെ അമേരിക്കൻ ജനാധിപത്യത്തെ സ്വാധീനിക്കാൻ വിദേശ ശക്തികൾ നടത്തുന്ന ഇടപെടലുകളുടെ ഉദാഹരണമായി കാണുന്നു. വിദേശ സർക്കാരുകൾക്കായി രഹസ്യമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.










