
ചെന്നൈ: നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേർ ലഹരിമരുന്നുമായി പിടിയിൽ. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളിൽ സഹസംവിധായികയായ വിൻസി നിവേദ, യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് ചെന്നൈയിൽ അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ആറ് ഗ്രാം മെത്തഫിറ്റമിൻ, ഏഴ് ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ലഹരിക്കേസിൽ പൊലീസ് പിടികൂടിയ വിഘ്‌നേശ്വർ എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരം ലഭിച്ചത്. വെങ്കിടേശ് കുമാറിൽ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്‌നേശ്വർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടർന്ന് ലഹരി വാങ്ങാനെന്ന വ്യാജേനെ പൊലീസുകാർ മഫ്ത്തിയിൽ വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. ഇങ്ങനെയാണ് എട്ടുപേരും വലയിലാവുന്നത്. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലയാളിയാണ് അഞ്ജു കൃഷ്ണ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് അഞ്ജു കൃഷ്ണ.











