
ദോഹ: ഈദ് അവധിക്കാലത്തോടനുബന്ധിച്ച് ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് എത്തുന്നവരുടെയും പുറത്തേക്ക് പോകുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ 'ഫ്ലെക്സിബിൾ ഓപ്പറേഷൻ പ്ലാൻ' നടപ്പിലാക്കിയതായി പാസ്‌പോർട്ട് വിഭാഗം മേധാവി മേജർ മുഹമ്മദ് മുബാറക് അൽ ബുഐനൈൻ അറിയിച്ചു.തിരക്ക് ഒഴിവാക്കുന്നതിനായി സാധാരണ യാത്രക്കാരുടെ വാഹനങ്ങളും വാണിജ്യ ചരക്ക് നീക്കവും (Commercial Shipping) പ്രത്യേക പാതകളിലൂടെയാക്കി മാറ്റിയിട്ടുണ്ട്. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.കൃത്യതയോടെയും വേഗത്തിലും പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും അത്യാധുനിക സാങ്കേതിക വിദ്യകളും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് യാതൊരുവിധ തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ അതിർത്തി കടക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഖത്തർ ടിവിയോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.











