
ദോഹ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലുസൈൽ കൊട്ടാരത്തിൽ വെച്ച് പ്രമുഖരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പെരുന്നാൾ ആശംസകൾ സ്വീകരിച്ചു.
പെരുന്നാൾ നമസ്കാരത്തിന് ശേഷമാണ് കൊട്ടാരത്തിൽ പ്രത്യേക സ്വീകരണ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽഗാനിം എന്നിവർ അമീറിന് നേരിട്ടെത്തി പെരുന്നാൾ ആശംസകൾ നേർന്നു. കൂടാതെ വിവിധ ശൈഖുമാർ, മന്ത്രിമാർ, മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശി പൗരന്മാർ എന്നിവരടക്കം വൻ ജനവലി അമീറിന് ആശംസകൾ നേരാൻ കൊട്ടാരത്തിലെത്തിയിരുന്നു.
പ്രമുഖരുടെ സാന്നിധ്യം
അമീറിന്റെ പേഴ്സണൽ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽഥാനി എന്നിവരും മറ്റ് നിരവധി ശൈഖുമാരും മന്ത്രിമാരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രാർത്ഥിച്ചും പരസ്പരം ഈദ് ആശംസകൾ കൈമാറിയുമാണ് വിശിഷ്ടാതിഥികളും ജനങ്ങളും കൊട്ടാരത്തിൽ നിന്ന് മടങ്ങിയത്.










