
ദോഹ: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ രാജ്യത്തെ കടൽതീരങ്ങളിലും മരുഭൂമി മേഖലകളിലും ക്യാമ്പിംഗ് സൈറ്റുകളിലും പരിസ്ഥിതി മന്ത്രാലയം വിപുലമായ ശുചീകരണ ക്യാമ്പയിൻ നടത്തി. പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യ സന്തുലിതാവസ്ഥയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന "ക്ലീൻലിനസ് ആൻഡ് വൈൽഡർനസ് ക്യാമ്പയിൻ" പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
രാജ്യത്തിന്റെ മധ്യ-വടക്കൻ മേഖലകളിലെ 23 കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 26 ടൺ മാലിന്യമാണ് അധികൃതർ ശേഖരിച്ച് നീക്കം ചെയ്തത്.വന്യജീവി സംരക്ഷണ വിഭാഗവും നാച്ചുറൽ റിസർവ് ഡയറക്ടറേറ്റും സംയുക്തമായാണ് വിവിധ ബീച്ചുകളിലും തുറസ്സായ മരുഭൂമി പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്.പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുതെന്നും അവ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. പ്രകൃതിയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.











