
ദോഹ:ഫലസ്തീനിലെയും ജോർദാനിലെയും കുട്ടികൾക്ക് ഈദുൽ ഫിത്തറിന്റെ സന്തോഷമെത്തിക്കുന്നതിനായി എഡ്യൂക്കേഷൻ എബോ ഓൾ (EAA) ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഈദ് ഗിഫ്റ്റ്സ്' (Eid Gifts) കാമ്പയിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. ഇ.എ.എ ചെയർപേഴ്സൺ ശൈഖ മോസ ബിൻത് നാസർ ബിൻ അബ്ദുല്ല അൽ മിസ്നദിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ഖത്തർ റെഡ് ക്രസന്റുമായി (QRCS) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.ഗസ സിറ്റി, ദെയ്ർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 2,570 കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ പർച്ചേസ് കൂപ്പണുകളാണ് കുടുംബങ്ങൾക്ക് നൽകിയത്.ജോർദാനിലെ ഫലസ്തീൻ, സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി 30,000 പുത്തൻ വസ്ത്രങ്ങൾ വിതരണം ചെയ്തു.സുമനസ്സുകളുടെ പങ്കാളിത്തം: ഖത്തറിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ 'അപ്പാരൽ ഗ്രൂപ്പ്' (Apparel Group) 10 ലക്ഷം ഖത്തർ റിയാൽ മൂല്യമുള്ള 14,000-ത്തിലധികം വസ്ത്രങ്ങൾ ഈ പദ്ധതിക്കായി സംഭാവന നൽകി.പുത്തൻ വസ്ത്രങ്ങൾ നൽകുക എന്നതിലുപരി, ലോകം തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ഈ പദ്ധതിയെന്ന് ഇ.എ.എ സി.ഇ.ഒ മുഹമ്മദ് സാദ് അൽ കുബൈസി പറഞ്ഞു. ദുരിതമനുഭവിക്കുന്ന കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ഈ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചുവെന്ന് ഖത്തർ റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ എൻജി. ഇബ്രാഹിം ഹാഷിം അൽ സദയും വ്യക്തമാക്കി.











