01:19am 23 June 2026
NEWS
ലോകകപ്പിൽ ഈജിപ്തിന്റെ ചരിത്രക്കുതിപ്പ്; ആദ്യ ജയം ന്യൂസീലൻഡിനെതിരെ
22/06/2026  11:21 AM IST
nila
ലോകകപ്പിൽ ഈജിപ്തിന്റെ ചരിത്രക്കുതിപ്പ്; ആദ്യ ജയം ന്യൂസീലൻഡിനെതിരെ

വാൻകൂവർ: ഫിഫ ലോകകപ്പിൽ ചരിത്രം കുറിച്ച് ഈജിപ്ത്. ജി ഗ്രൂപ്പിൽ ന്യൂസീലൻഡിനെ 3-1ന് കീഴടക്കി ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ പിന്നിലായിരുന്ന ഈജിപ്ത് രണ്ടാം പകുതിയിൽ അതിശയകരമായ തിരിച്ചുവരവ് നടത്തിയാണ് വിജയമുറപ്പിച്ചത്.

മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫിൻ സുർമാന്റെ ഗോളിലൂടെ ന്യൂസീലൻഡ് ലീഡ് നേടി. ടിം പെയ്നിന്റെ കോർണറിൽ നിന്നെത്തിയ ഹെഡറാണ് വലകുലുക്കിയത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്തിയ ന്യൂസീലൻഡിന് രണ്ടാം പകുതിയിൽ ഈജിപ്തിന്റെ ആക്രമണവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

58-ാം മിനിറ്റിൽ മുഹമ്മദ് ഹനിയുടെ അസിസ്റ്റിൽ മുസ്തഫ സിക്കോ സമനില ഗോൾ നേടി. തുടർന്ന് 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയുമായി നടത്തിയ മനോഹരമായ പാസിങ് നീക്കത്തിനൊടുവിൽ മുഹമ്മദ് സലാ ഈജിപ്തിനെ മുന്നിലെത്തിച്ചു. 82-ാം മിനിറ്റിൽ സലായുടെ കോർണർ കിക്കിൽ നിന്ന് ട്രെസെഗ്വെറ്റ് നേടിയ ഗോളോടെ വിജയം ഉറപ്പായി.

ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി മുഹമ്മദ് സലാ മത്സരത്തിലെ താരമായി. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് സമനില നേടിയിരുന്ന ഈജിപ്ത് നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.

അടുത്ത മത്സരത്തിൽ ഇറാനെതിരെ വിജയിച്ചാൽ ഏഴ് പോയിന്റുമായി ഈജിപ്ത് പ്രീക്വാർട്ടർ ഉറപ്പാക്കും. സമനില നേടിയാലും നോക്കൗട്ട് പ്രവേശന സാധ്യത ശക്തമാണ്.

2018ലെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളും തോറ്റാണ് ഈജിപ്ത് മടങ്ങിയത്. 1990ൽ രണ്ട് സമനിലകളാണ് അവരുടെ മികച്ച പ്രകടനമായിരുന്നത്. 1934ൽ ആദ്യമായി ലോകകപ്പിൽ കളിച്ചെങ്കിലും ഹംഗറിയോട് തോറ്റിരുന്നു. എന്നാൽ ഇത്തവണ ന്യൂസീലൻഡിനെതിരെ നേടിയ വിജയം ലോകകപ്പ് വേദിയിലെ ഈജിപ്തിന്റെ ഏറ്റവും വലിയ നേട്ടമായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img