
ദോഹ / കെയ്‌റോ / റിയാദ്:വിഷാംശ സാന്നിധ്യത്തെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് നെസ്ലെയുടെ കുട്ടികളുടെ പാൽപ്പൊടി ഉൽപ്പന്നങ്ങൾ രണ്ട് അറബ് രാജ്യങ്ങൾ പിൻവലിക്കുന്നു. നെസ്ലെ സ്വമേധയാ നൽകിയ അറിയിപ്പിനെ തുടർന്ന് ഈജിപ്തും സൗദി അറേബ്യയും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഈജിപ്ത് നാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചതനുസരിച്ച്, നെസ്ലെ നിർമ്മിക്കുന്ന ചില ബാച്ച് ശിശു പാൽപ്പൊടികളിൽ Bacillus cereus ബാക്ടീരിയ നിർമ്മിക്കുന്ന സീരുലൈഡ് (Cereulide) എന്ന വിഷാംശത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിക്കൽ. ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമായ അറാചിഡോണിക് ആസിഡ് (ARA) ഓയിൽ വഴിയാണ് ഈ വിഷാംശം ഉൽപ്പന്നത്തിൽ കലർന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടികളിൽ ഇത് ശക്തമായ ഛർദ്ദിയും വയറുവേദനയും ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്.
അതേസമയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (SFDA) നെസ്ലെയുടെ NAN, ALFAMINO, S-26 GOLD, S-26 ULTIMA ബ്രാൻഡുകളിലെ ചില ശിശു പാൽപ്പൊടി ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. കമ്പനി സ്വമേധയാ നടത്തിയ മുൻകരുതൽ പിൻവലിക്കൽ നടപടികളുടെ ഭാഗമായാണ് ഈ നിർദേശം.
ഇതുവരെ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് പിൻവലിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉടൻ തന്നെ ഉപേക്ഷിക്കണമെന്നും, വിപണിയിൽ നിന്നുള്ള പിൻവലിക്കൽ നടപടികൾ കമ്പനിയുമായി ചേർന്ന് കർശനമായി നിരീക്ഷിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഏജൻസികൾ അറിയിച്ചു.











