
കെയ്റോ:ഈജിപ്തിന്റെ വടക്കൻ തീരത്ത് (North Coast) ഖത്തരി ദിയാർ (Qatari Diar) വികസിപ്പിക്കുന്ന കൂറ്റൻ നഗര-വിനോദസഞ്ചാര പദ്ധതിയായ 'ആലം എൽ റൂം' (Alam El Roum)-ന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് തുടക്കമായി. മൊത്തം 2,970 കോടി യു.എസ് ഡോളർ (29.7 billion USD) ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതിയുടെ ഒന്നാം ഘട്ടം 2030-ൽ പൂർത്തിയാക്കി കൈമാറാനാണ് ലക്ഷ്യമിടുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൂലിയുടെ പദ്ധതി പ്രദേശ സന്ദർശനവേളയിലാണ് ഒന്നാം ഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.ഒന്നാം ഘട്ടത്തിൽ 2,200 കോടി ഈജിപ്ഷ്യൻ പൗണ്ടിന്റെ നിക്ഷേപത്തിലൂടെ നേരിട്ടും അല്ലാതെയും 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒന്നാം ഘട്ടം പരന്നുകിടക്കുന്നത്. 1,000-ത്തിലധികം മുറികളുള്ള 4 ആഡംബര ഹോട്ടലുകൾ, 50 യോട്ടുകൾ അണപ്പിക്കാവുന്ന മരീന, 2 കിലോമീറ്റർ കടൽത്തീര നടപ്പാത, 1,95,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കൃത്രിമ നീന്തൽ തടാകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.2.05 കോടി ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വിപുലമായ പദ്ധതിയിൽ 7.2 കിലോമീറ്റർ കടൽത്തീര നടപ്പാത, 18 ഹോളുകളുള്ള ആഗോള നിലവാരത്തിലുള്ള ഗോൾഫ് കോഴ്‌സ്, 3,500-ലധികം ഹോട്ടൽ മുറികൾ, 370 വലിയ യോട്ടുകൾ അണപ്പിക്കാവുന്ന അന്താരാഷ്ട്ര മരീന എന്നിവ സജ്ജീകരിക്കും.കാൽനടയാത്രയ്ക്കും സൈക്ലിംഗിനും മുൻഗണന നൽകുന്നതും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതുമായ രീതിയിലാണ് രൂപകൽപ്പന.
മെഡിറ്ററേനിയൻ മേഖലയിലെ ഏറ്റവും പ്രമുഖമായ വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായി 'ആലം എൽ റൂം' മാറും. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, നിർദ്ദിഷ്ട ഹൈസ്പീഡ് ഇലക്ട്രിക് ട്രെയിൻ പാത എന്നിവയുമായുള്ള മികച്ച ഗതാഗത സൗകര്യം പദ്ധതിയുടെ ആകർഷണം വർദ്ധിപ്പിക്കുന്നു.











