04:18am 08 November 2026
NEWS
​ഗാസയിൽ ഹമാസിനെ ഒഴിവാക്കി ബ​ദൽ ഭരണകൂടം സ്ഥാപിക്കാൻ നീക്കം
04/03/2025  09:17 AM IST
nila
​ഗാസയിൽ ഹമാസിനെ ഒഴിവാക്കി ബ​ദൽ ഭരണകൂടം സ്ഥാപിക്കാൻ നീക്കം

​ഗാസയിൽ ഹമാസിനെ ഒഴിവാക്കി ബ​ദൽ ഭരണകൂടം സ്ഥാപിക്കാൻ നീക്കം. അറബ് രാജ്യങ്ങളുടെയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള ഭരണകൂടം സ്ഥാപിക്കാനാണ് പ​ദ്ധതി. ഇതിനായി  ഈജിപ്ത് തയാറാക്കിയ ബദൽപദ്ധതിയുടെ കരട് രേഖ ഇന്ന് ചേരുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ അവതരിപ്പിക്കും. ​ഗാസ സ്വന്തമാക്കുകയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആ​ഗ്രഹത്തിന് ഊർജ്ജം പകരുന്നതാണ് പുതിയ പദ്ധതി. 

നിലവിൽ ​ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലാണ്. ഇവരെ ഒഴിവാക്കി അറബ്, പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന ഇടക്കാല ഭരണസംവിധാനം ഗാസയിൽ കൊണ്ടുവരുമെന്നാണ് വാർത്താഏജൻസിയായ റോയിട്ടേഴ്സിനു ലഭിച്ച കരട് രേഖയിൽ വ്യക്തമാക്കുന്നത്. രാജ്യാന്തര സേനയാകും ഈ പ്രദേശത്ത് സുരക്ഷ ഒരുക്കുക. ഏതാനും ആഴ്ചകളായി സൗദി അറേബ്യ, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ  ബദൽപദ്ധതിയുടെ ചർച്ചയിലായിരുന്നു.

യുദ്ധം അവസാനിച്ചതിനുശേഷമാണോ മുൻപേയാണോ ഭരണമാറ്റം നടപ്പിലാക്കുകയെന്നു രേഖയിൽ വ്യക്തമല്ല. പലസ്തീൻകാരെ ഒഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്ത് ഉല്ലാസകേന്ദ്രമാക്കി മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒഴിപ്പിക്കുന്ന പലസ്തീൻകാരെ ജോർദാനും ഈജിപ്തും ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അറബ് രാജ്യങ്ങൾക്കു യോജിപ്പില്ലാത്ത സാഹചര്യത്തിലാണ് ബദൽ ആലോചിച്ചത്. എന്നാൽ ഗാസ പുനർനിർമാണത്തിന്റെ ചെലവ് ആരു വഹിക്കുമെന്ന് ഈജിപ്ത് പറയുന്നില്ല. ശക്തരായ ഹമാസിനെ മാറ്റിനിർത്തി ഗാസയുടെ ഭരണനിർവഹണം എങ്ങനെ സാധ്യമാകുമെന്നും വ്യക്തമല്ല. ഈജിപ്തിന്റെ പദ്ധതിക്ക് മറ്റ് അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടോയെന്നതും രേഖയിൽ പറയുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img