
രാജ്യത്ത് വിൽപ്പനയ്ക്കുള്ള മുട്ടകൾ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). മുട്ട കഴിച്ചാൽ കാൻസർ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും FSSAI വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജവാർത്തകൾക്കെതിരെ വിശദീകരണവുമായി FSSAI രംഗത്തെത്തിയത്.
അടുത്തിടെ, വിപണിയിൽ ലഭ്യമായ മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി FSSAI രാജ്യവ്യാപകമായി പരിശോധനകൾ നടത്താൻ നിർദേശം നൽകിയിരുന്നു. ചില മുട്ടകളിൽ നൈട്രോഫ്യൂറാൻസ് (Nitrofurans) ഉൾപ്പെടെയുള്ള നിരോധിത ആന്റിബയോട്ടിക്കുകൾ ഉണ്ടാകാമെന്ന സംശയമാണ് ഇതിന് പിന്നിൽ. ഒരു ബ്രാൻഡിന്റെ മുട്ടകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, പക്ഷിവളർത്തലിൽ ഉപയോഗിക്കാൻ പൂർണമായും നിരോധിച്ച നൈട്രോഫ്യൂറാൻയും നൈട്രോഇമിഡാസോൾയും കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കാൻ FSSAI നിർദേശം നൽകിയത്.
2011-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, കോഴി വളർത്തൽ മുതൽ മുട്ടയുടെ ഉത്പാദനം വരെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാൻ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് FSSAI നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശത്തെ തുടർന്ന്, ഇന്ത്യയിൽ ലഭ്യമായ മുട്ടകൾ കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന തരത്തിൽ തെറ്റായ വ്യാഖ്യാനങ്ങളും ഭീതിപരമായ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപിച്ചു. ഇതിനെ ശക്തമായി നിഷേധിച്ചുകൊണ്ടാണ് FSSAI വിശദീകരണം നൽകിയത്.
നൈട്രോഫ്യൂറാൻ മെറ്റബോലൈറ്റുകൾക്ക് 1.0 μg/kg എന്ന നിയന്ത്രിത പരിധി നിർദേശിച്ചിട്ടുണ്ടെന്ന് FSSAI അറിയിച്ചു. ഇത് ലബോറട്ടറി പരിശോധനയിൽ കണ്ടെത്താനാകുന്ന ഏറ്റവും കുറഞ്ഞ അളവാണെന്നും, ഇതൊരു ഉപയോഗാനുമതിയല്ലെന്നും അധികൃതർ വ്യക്തമാക്കി. EMRL (Extraneous Maximum Residue Limit)-നു താഴെയുള്ള അളവിൽ കണ്ടെത്തുന്ന അവശിഷ്ടങ്ങൾ ഭക്ഷ്യസുരക്ഷാ ലംഘനമായി കണക്കാക്കില്ലെന്നും, അവ ആരോഗ്യത്തിന് അപകടകരമല്ലെന്നും FSSAI വിശദീകരിച്ചു.
യൂറോപ്യൻ യൂണിയനും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നൈട്രോഫ്യൂറാൻ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും, മുട്ട കഴിക്കുന്നതും കാൻസർ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന തെളിവുകളൊന്നും നിലവിലില്ലെന്ന് FSSAI ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പാദിപ്പിക്കുകയും ശരിയായ രീതിയിൽ ഉപഭോഗം നടത്തുകയും ചെയ്യുന്ന മുട്ടകൾ സുരക്ഷിതവും പോഷകസമൃദ്ധവുമാണെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും FSSAIയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.











