
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വിലയിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ കോഴിമുട്ടയ്ക്ക് രണ്ട് രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് കൂടിയത്. നിലവിൽ ഒരു കോഴിമുട്ടയ്ക്ക് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് വിപണിയിലെ വില.
രണ്ടാഴ്ച മുമ്പ് 7.50 രൂപയായിരുന്നു കോഴിമുട്ടയുടെ വില. താറാവ് മുട്ട 15 രൂപയ്ക്കും ലഭിച്ചിരുന്നു. ക്രിസ്മസ് കേക്കുകളുടെ നിർമാണം മുന്നിൽക്കണ്ട് ബേക്കറികളും മറ്റും വൻതോതിൽ മുട്ട വാങ്ങി സംഭരിക്കുന്നതാണ് വിപണിയിൽ ആവശ്യകത ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന്. ആഘോഷസീസൺ ശക്തമാകുന്നതോടെ മുട്ടയുടെ വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
മുട്ടവില ഉയരുന്നതിന് പിന്നിൽ ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയും പ്രധാന ഘടകമാണ്. കോഴി, താറാവ് എന്നിവയ്ക്കുള്ള തീറ്റയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയുടെ ഒരു ചാക്കിന് ഇപ്പോൾ 2,760 രൂപ വരെയാണ് നൽകേണ്ടത്.
കോഴിത്തീറ്റ നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില വർധിക്കാൻ കാരണമായി. എഥനോൾ ഉൽപ്പാദനത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കുന്നതോടെ തീറ്റ നിർമാണ മേഖലയ്ക്ക് ആവശ്യമായ ചോളത്തിന്റെ ലഭ്യതയിൽ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
തീറ്റവില വർധിച്ചതോടെ കോഴിവളർത്തലിന്റെ ചെലവും ഉയർന്നു. ഇതോടൊപ്പം ആഘോഷകാലത്തെ ഉയർന്ന ആവശ്യകത കൂടി എത്തിയതാണ് മുട്ടവില കുതിച്ചുയരാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാമെന്ന ആശങ്കയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.










