11:08pm 24 October 2026
NEWS
അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ അവധി പ്രഖ്യാപിച്ചു
24/10/2026  07:54 PM IST
nila
അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി ബാധകം. അതേസമയം, വയനാട്ടിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. നേരത്തേ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കു സമീപമുള്ള പ്രദേശങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ അധ്യാപകരും സ്ഥാപന മേധാവികളും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. സാഹചര്യമനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.

വയനാട്ടിൽ അതിതീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്ക് ഞായറാഴ്ച ജില്ലാ കലക്ടർ പൂർണ നിരോധനം ഏർപ്പെടുത്തി. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫിസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img