
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിന്റെ 28-ാമത് ബിരുദദാന ചടങ്ങിന്റെ ഉദ്‌ഘാടനം നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL), ഡയറക്ടർ ഡോ. ദുവ്വുരി ശേഷഗിരി നിർവഹിക്കുന്നു.
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ 28-ാമത് ബിരുദദാനചടങ്ങ്; ഇത്തവണ ബിരുദം സ്വീകരിച്ചത് 543 പേർ; 22 പേർക്ക് ഡോക്ടറൽ ബിരുദം.വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും കഴിവുകളും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വുരി ശേഷഗിരി. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൻറെ 28-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം നമ്മൾ കണ്ടെത്തുകയും അതിനായി നിരന്തരം പരിശ്രമിക്കാനുള്ള ആർജ്ജവം ഉണ്ടാക്കിയെടുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വകലാശാല ചാൻസലർ മാതാ അമൃതാനന്ദമയി ദേവി വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 543 പേർ ബിരുദവും 22 പേർ ഡോക്ടറൽ ബിരുദവും സ്വീകരിച്ചു.
ചേരാനല്ലൂർ ട്രിനിറ്റി കാസയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. ബിപിൻ നായർ, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് വൈസ് പ്രിൻസിപ്പലും പി ജി പി ചെയറുമായ ഡോ. പി. ബാലസുബ്രഹ്മണ്യൻ, സ്കൂൾ ഓഫ് നാനോ സയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ ഡീൻ ഡോ. ശാന്തികുമാർ നായർ, കൊച്ചി ക്യാംപസ് ഡീനും ഡയറക്ടറുമായ ഡോ. യു. കൃഷ്ണകുമാർ വൈസ് പ്രിൻസിപ്പൽ കെ . ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മികച്ച വിജയം കൈവരിച്ചവർക്കുള്ള മെഡലുകളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
Photo Courtesy - Google







