
ദോഹ: “യുദ്ധങ്ങളല്ല, പുസ്തകങ്ങൾ – മെച്ചപ്പെട്ട നാളേക്കായി സുരക്ഷിത വിദ്യാലയങ്ങൾ!” എന്ന മുദ്രാവാക്യവുമായി, ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ 2025 സെപ്റ്റംബർ 9-ന് വിദ്യാഭ്യാസത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു.
എല്ലാ ഗ്രേഡ് തലങ്ങളിലും പ്രായത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളിലൂടെ, സമാധാനം, സുരക്ഷ, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നീ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സ്കൂൾ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു.
അക്കാദമിക് സൂപ്പർവൈസർ മെഹ്ജബീൻ ഹസന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ വിഭാഗം കഥപറച്ചിൽ, കല, സംഗീതം, ഗ്രൂപ്പ് ചർച്ചകൾ എന്നിവയിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. കുട്ടികൾ വരകളും ആശയങ്ങളും പങ്കുവെച്ച്, “സ്കൂളുകൾ എങ്ങനെ സുരക്ഷിത ഇടങ്ങളാകാം” എന്ന വിഷയത്തിൽ സജീവമായി പങ്കെടുത്തു.
വെയ്ൻ റോഡ്രിഗസിന്റെയും നാസിയ തഹ്‌സീന്റെയും നേതൃത്വത്തിൽ പ്രിപ്പറേറ്ററി വിഭാഗം പ്രതിജ്ഞാചൊല്ലൽ, പോസ്റ്ററുകളുമായി ബോധവൽക്കരണ നടത്തം, മുദ്രാവാക്യങ്ങൾ എന്നിവയിലൂടെ സുരക്ഷിത വിദ്യാഭ്യാസത്തിനായി പിന്തുണ പ്രകടിപ്പിച്ചു.
സീനിയർ വിഭാഗം സ്കൂൾ റേഡിയോ പ്രസംഗത്തോടെയായിരുന്നു ദിനാചരണം ആരംഭിച്ചത്. തുടർന്ന് യുണിസെഫിന്റെ “ബാക്ക് ടു സ്കൂൾ” ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സംഘർഷ മേഖലകളിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ക്ലാസ് ചർച്ചയും യുദ്ധബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിച്ച റോൾ-പ്ലേയും ശക്തമായ സന്ദേശമായി.
ദിനാചരണത്തിലൂടെ വിദ്യാർത്ഥികൾക്ക് സഹാനുഭൂതി, ഉത്തരവാദിത്തം, ആഗോള അവബോധം എന്നിവ വളർത്താൻ സാധിച്ചു. “ഒരോ കുട്ടിക്കും സുരക്ഷിതമായ പഠന ഇടം” എന്ന ആശയം ശക്തമായി ഉയർത്തിക്കാട്ടി.











