
ദോഹ: ആഭ്യന്തര സംഘർഷം തകർത്ത സുഡാനിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഖത്തറിലെ എഡ്യൂക്കേഷൻ എബോ ഓൾ (EAA) ഫൗണ്ടേഷൻ വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമായി (FAO) സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭത്തിലൂടെ 1,03,500 പേർക്ക് നേരിട്ടും ഏകദേശം 17 ലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും.സംഘർഷം മൂലം ഉപജീവനം നഷ്ടപ്പെട്ട 30,955 യുവാക്കൾക്ക് കൃഷി, കന്നുകാലി വളർത്തൽ മേഖലകളിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി മുൻഗണന നൽകുന്നു.മധ്യ സുഡാനിലെ ഗെസീറ സ്കീം കേന്ദ്രീകരിച്ച് കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുകയും തകർന്നുപോയ ജലസേചന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ കാതൽ.കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, കന്നുകാലി തീറ്റകൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങളുടെ അതിജീവനവും പ്രാദേശികമായ ഭക്ഷ്യലഭ്യതയും ഉറപ്പാക്കുന്നു.കൃഷിയിൽ ശാസ്ത്രീയമായ അറിവ് പകർന്നുനൽകുന്നതിനായി 'ഫാർമേഴ്സ് ഫീൽഡ് സ്കൂളുകൾ' വഴിയുള്ള പരിശീലനമാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇത് കർഷകരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സുസ്ഥിരമായ കാർഷിക രീതികൾ പിന്തുടരാനും അവരെ പ്രാപ്തരാക്കുന്നു.കൃഷിയിലൂടെ യുവാക്കളുടെ അന്തസ്സും ആത്മവിശ്വാസവും വീണ്ടെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് EAA ഫൗണ്ടേഷനിലെ 'സിലടെക്' (Silatech) പ്രോഗ്രാം മേധാവി നൂറ ഫൈസൽ അൽഥാനി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സുഡാനിലെ യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാനും സാമൂഹിക സ്ഥിരത ഉറപ്പാക്കാനും ഈ ഇടപെടലുകൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വെറും സഹായ വിതരണത്തിനപ്പുറം, ഒരു ജനതയെ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന ഖത്തറിന്റെ ഈ കാരുണ്യസ്പർശം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയാണ്.










