
ദോഹ: റമദാൻ മാസത്തിൽ ഫലസ്തീനിലെയും സിറിയയിലെയും കുരുന്നുകൾക്ക് പെരുന്നാൾ സന്തോഷമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 'ഈദ് ഗിഫ്റ്റ്‌സ്' (Eid Gifts) കാമ്പയിന്റെ മൂന്നാം പതിപ്പിന് എഡ്യൂക്കേഷൻ എബൗവ് ഓൾ (EAA) ഫൗണ്ടേഷൻ തുടക്കം കുറിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹെർ ഹൈനസ് ഷെയ്ഖ മൗസ ബിൻത് നാസറിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ആരംഭിച്ച പദ്ധതി, ഖത്തർ റെഡ് ക്രസന്റുമായി (QRCS) സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനിലെയും സിറിയയിലെയും കുട്ടികൾക്ക് പുതിയ പെരുന്നാൾ വസ്ത്രങ്ങൾ എത്തിച്ചുനൽകുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. റമദാൻ അഞ്ച് മുതൽ 20 വരെയാണ് വസ്ത്രങ്ങളും സംഭാവനകളും സ്വീകരിക്കുന്നത്.ഒന്ന് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ, ഉപയോഗിക്കാത്ത പുതിയ വസ്ത്രങ്ങളാണ് സംഭാവനയായി നൽകേണ്ടത്. ഇവ നിശ്ചിത കളക്ഷൻ പോയിന്റുകളിൽ നേരിട്ടെത്തിക്കാം. കൂടാതെ, പണമായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് EAA വെബ്സൈറ്റ് വഴിയോ, സ്നൂനു (Snoonu), തലാബത്ത് (Talabat) എന്നീ ആപ്പുകൾ വഴിയോ എളുപ്പത്തിൽ സംഭാവനകൾ നൽകാവുന്നതാണ്.ഏറ്റവും അർഹരായ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താനും അവർക്ക് പെരുന്നാൾ ദിനത്തിൽ ആശ്വാസമേകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഇ.എ.എ ഫൗണ്ടേഷൻ ആക്ടിംഗ് സി.ഇ.ഒ മുഹമ്മദ് അൽ ഖുബൈസി പറഞ്ഞു. ഖത്തറിലെ ജനങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവുമാണ് ഈ കാമ്പയിനിലൂടെ പ്രതിഫലിക്കുന്നതെന്ന് ഖത്തർ റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ എഞ്ചിനീയർ ഇബ്രാഹിം ബിൻ ഹാഷിം അൽ സാദയും വ്യക്തമാക്കി.











