02:23am 02 September 2026
NEWS
‘വേണമെങ്കിൽ ട്രംപിന് പകരക്കാരനാകാം’; വിജയ്‌യുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് എടപ്പാടി
01/09/2026  08:45 PM IST
nila
‘വേണമെങ്കിൽ ട്രംപിന് പകരക്കാരനാകാം’; വിജയ്‌യുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് എടപ്പാടി

ചെന്നൈ: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ പരിഹാസവുമായി പ്രതിപക്ഷം. വിജയ്‌ക്ക് വേണമെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റുപോലും ആകാമെന്നായിരുന്നു എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പഴനിസ്വാമിയുടെ പരിഹാസം.

ടിവികെ നേതാക്കളായ അദവ് അർജുനയും ശരത്‌കുമാറുമാണ് വിജയ്‌യെ 2029ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചത്. ഇതോടെ സഖ്യകക്ഷികൾക്കിടയിലും അഭിപ്രായവ്യത്യാസം ശക്തമായി. കോൺഗ്രസ് എംപി കാർത്തി ചിദംബരം ടിവികെയുടെ നിലപാടിനെ തള്ളിക്കളഞ്ഞത് ‘ഫാൻ ക്ലബ് മാനസികാവസ്ഥ’യാണ് ഇത്തരം ആവശ്യങ്ങൾക്ക് പിന്നിലെന്നായിരുന്നു.

ഇതിനിടെയാണ് വിജയ്‌ക്കെതിരെ എടപ്പാടി പഴനിസ്വാമിയുടെ പരിഹാസം. ‘അദ്ദേഹത്തിന് വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റാകാം. ട്രംപിന് പകരക്കാരനാകാം. ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. അതിൽ തെറ്റൊന്നുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും എടപ്പാടി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഭരണം റീൽസിൽ മാത്രമാണ് നടക്കുന്നതെന്നും തമിഴ്നാട്ടിൽ അത് നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭരണസംവിധാനം പൂർണമായും താളം തെറ്റിയെന്നും എഐഎഡിഎംകെ നേതാവ് ആരോപിച്ചു.

‘110 ദിവസംകൊണ്ട് സംസ്ഥാനത്തെ നിയമവാഴ്ച തകർന്നടിഞ്ഞു. എവിടെ നോക്കിയാലും കൊലപാതകങ്ങളും കൊള്ളയും ജനങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വർധിച്ചുവരികയാണ്’, എടപ്പാടി ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയ്‌യുടെ മനസിലോ ഭാവനയിലോ അത്തരമൊരു ചിന്തയില്ലെന്നാണ് എംഡിഎംകെ നേതാവ് വൈക്കോ പ്രതികരിച്ചത്.

234 അംഗ നിയമസഭയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ ഭരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ടിവികെയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കിടെ സഖ്യകക്ഷികളിൽ നിന്നുതന്നെ ഉയരുന്ന വിമർശനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img