
ആലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടികൾ സി.പി.എമ്മിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും എൽ.ഡി.എഫിനെ മുഴുവനായും ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ആലപ്പുഴയിൽ ചേർന്ന വിശാല സി.പി.എം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ഡിയുടെ നീക്കങ്ങൾക്കൊപ്പം ആർ.എസ്.എസ് നിലപാടിനോട് യു.ഡി.എഫും ചേർന്ന് നിൽക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. എക്സാലോജിക്കും സി.എം.ആർ.എല്ലും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും ഇവർ തമ്മിൽ സേവനം സംബന്ധിച്ച് കൃത്യമായ കരാർ നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരാർ പ്രകാരം നൽകിയ സേവനത്തിന് പ്രതിഫലം സ്വീകരിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും പിണറായി വ്യക്തമാക്കി. ലഭിച്ച പണം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ മാത്രമേ അത് നിയമവിരുദ്ധമാകൂ. എന്നാൽ ഇവിടെ ലഭിച്ച തുക കണക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന് നികുതിയും അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘എക്സാലോജിക് ഉടമയോട് നിന്നെയല്ല, നിന്റെ അച്ഛനെയാണു നോക്കുന്നത് എന്ന മട്ടിലാണ് ഇ.ഡിയുടെ നീക്കം. അച്ഛനിതെല്ലാം എത്ര കണ്ടതാണെടോ. ആദ്യമായിട്ടാണോ?’’–പിണറായി പറഞ്ഞു. തീവ്രവാദ വിഭാഗങ്ങൾക്കു വരെ എക്സാലോജിക് സേവനം നൽകിയെന്ന മട്ടിലൊരു അന്വേഷണം ഇടയ്ക്കു പോയിരുന്നു. പ്രശസ്തമായൊരു ചാരിറ്റി സ്ഥാപനത്തിനെതിരെയായിരുന്നു അത്. അതു പന്തിയാകില്ലെന്നു കണ്ട് അന്വേഷണം ഉപേക്ഷിച്ചു.
വ്യക്തികൾ കേസിൽ പെടാറുണ്ട്. പാർട്ടിയെ പെടുത്താറുണ്ടോയെന്ന് പിണറായി ചോദിച്ചു. കരുവന്നൂർ കേസിൽ അതാണു നടന്നത്. എൽഡിഎഫ് സർക്കാർ ആ കേസ് ഫലപ്രദമായി കൈകാര്യം ചെയ്തതാണ്. കുറ്റവാളികളെന്നു കണ്ടവർക്കെതിരെ കർശന നടപടിയെടുത്തു. ആ ഘട്ടത്തിൽ ഇ.ഡി ചാടിവീണു. കുറ്റവാളികളെ മാപ്പുസാക്ഷികളാക്കി. ഇ.ഡി ആഗ്രഹിക്കുന്നത് അവരെക്കൊണ്ടു പറയിച്ചു. സിപിഎം എന്ന പാർട്ടിയെ പ്രതിയാക്കി. പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്നവരെല്ലാം പ്രതിയായി. എന്തു വിചിത്രമായ നടപടിയാണിതെന്നും പിണറായി ചോദിച്ചു.










