
കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ് ചലച്ചിത്ര നടി രന്യറാവു സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ സംഭവം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ഡൽഹിയിൽ നിന്നെത്തിയ ഡി ആർ ഐ സംഘം ബംഗളുരു എയർപോർട്ടിൽ വെച്ച് ശരീരത്തിൽ പതിനാല് കിലോ സ്വർണ്ണം ഒളിപ്പിച്ചുകടത്തുകയായിരുന്ന രന്യയെ പിടികൂടിയത്. ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ രന്യ സ്വർണ്ണവുമായി എത്തുന്ന രഹസ്യവിവരം ഡി ആർ ഐയ്ക്ക് കിട്ടിയിരുന്നു. ഇടയ്ക്കിടെ ദുബായ് സന്ദർശിക്കുന്ന ഈ നടിയുടെ നീക്കങ്ങൾ ഡി ആർ ഐ നിരീക്ഷിച്ചുവരികയായിരുന്നു. രന്യയുടെ ഉന്നതതല ബന്ധങ്ങളാണ് സംസ്ഥാന ഗവണ്മെന്റിന് തലവേദനയാവുന്നത്. ഡിജിപി റാങ്കിലുള്ള ഐ പി എസ് ഓഫീസർ കെ. രാമചന്ദ്ര റാവുവാണ് രന്യയുടെ രണ്ടാനച്ഛൻ. പിതാവിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി പോലീസ് അകമ്പടിയോടെ ഗ്രീൻ ചാനൽ വഴിയാണ് രന്യ എയർപോർട്ടിൽ നിന്നും പുറത്തുകടക്കാറുണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് അനുവദനീയമായ പ്രോട്ടോകോൾ സൗകര്യം രന്യ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത്തവണ ഗ്രീൻ ചാനൽ വഴി പുറത്തുകടക്കാനുള്ള രന്യയുടെ ശ്രമം തടഞ്ഞ ഡി ആർ ഐ ഉദ്യോഗസ്ഥർ അവരുടെ ദേഹപരിശോധന നടത്തി സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മൂന്ന് പ്രമുഖ മന്ത്രിമാരുമായി രന്യയ്ക്ക് അടുപ്പമുണ്ടെന്ന് ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്തുമായി ആ മന്ത്രിമാർക്ക് പങ്കുണ്ടെന്നൊന്നും രന്യ മൊഴിനൽകിയിട്ടില്ല. കുടുങ്ങിയപ്പോൾ 'പ്ലീസ് ഹെൽപ്പ് മി സർ' എന്ന ഫോൺ സന്ദേശം രന്യ അയച്ചത് ഒരു മന്ത്രിയ്ക്കാണ്. ദുബായിൽ നിന്ന് വിമാനം കയറുമ്പോൾ ഈ മന്ത്രിയുമായി രന്യ ഫോണിൽ സംസാരിച്ചിരുന്നുവത്രെ. രന്യയുടെ അടുത്ത സുഹൃത്തും ബിസിനസ്സ് പങ്കാളിയുമാണ് ഈ കേസ്സിൽ പിന്നീട് അറസ്റ്റിലായ തരുൺ രാജു. ബംഗളുരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലുടമയുടെ കൊച്ചുമകനാണ് ഇയാൾ.ഇരുവരും ഒന്നിച്ചാണ് ദുബായ് യാത്ര നടത്തിയിരുന്നത്. നാലുമാസം മുമ്പ് വിവാഹിതയായ രന്യ ഇത്തവണയും തരുൺ രാജുവിനൊപ്പമാണ് ദുബായിലേക്ക് പോയതും മടങ്ങിയതും. ഇരുവരും ചേർന്ന് ദുബായിൽ ഒരു ഡയമണ്ട് ഷോപ്പ് നടത്തുന്നതായി സൂചനയുണ്ട്. ഡി ആർ ഐയ്ക്ക് പുറമെ സിബി ഐയും അന്വേഷിക്കുന്ന ഈ കേസ്സിൽ ഇ ഡിയും വന്നെത്തിയിട്ടുണ്ട്. ബംഗളുരുവിൽ നിന്ന് ഹവാല വഴിയാണ് സ്വർണ്ണം വാങ്ങാനുള്ള പണം ദുബായിൽ എത്തിച്ചതെന്ന് ഡി ആർ ഐ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇ ഡിയുടെ രംഗപ്രവേശം. രന്യയുടെ ജാമ്യ ഹരജി പരിഗണിക്കവേ ഹവാല ബന്ധം ഡി ആർ ഐ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. രന്യ റാവു താമസിച്ചിരുന്ന വസതി ( ഇത് ഭർത്താവ് ജതിൻ ഹുക്കേരിയുടെ ആഡംബര ഫ്ലാറ്റാണ്) ഉൾപ്പെടെ ആറിടങ്ങളിൽ ഇ ഡി റെയ്ഡ് ചെയ്തിരുന്നു. ഇതിൽ തരുൺ രാജുവിന്റെയും രന്യയുടെ സഹോദരന്റെയും പ്രോപ്പർട്ടികളും ഒരു 'വി ഐപി ജ്യോൽസ്യന്റെ' ഓഫീസും പെടും.ഡിജിപി രാമചന്ദ്ര റാവുവിന്റെ നിർദ്ദേശമനുസരിച്ചാണ് താൻ രന്യറാവുവിനെ അകമ്പടി സേവിച്ചതെന്ന് പ്രോട്ടോകോൾ ഓഫീസർ ബാസപ്പ ബില്ലൂർ എന്ന ബസവരാജ് ഡി ആർ ഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. മുമ്പും മൂന്നാല് തവണ രന്യയ്ക്ക് അകമ്പടി സേവിച്ചിട്ടുണ്ടെന്നും അപ്പോൾ എച്ച് സി ധനുഷ് കുമാറും കൂടെയുണ്ടായിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകി എന്നതിനപ്പുറം സ്വർണ്ണക്കടത്തിനെ പറ്റി യാതൊന്നും തനിക്കറിയില്ലെന്നും ബസവരാജ് വ്യക്തമാക്കിയിട്ടുണ്ട്.ഡി ആർ ഐ, സിബി ഐ, ഇ ഡി എന്നീ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ രന്യറാവുവിന്റെയും സ്വർണ്ണക്കടത്തിന് കൂട്ടുനിന്നവരുടെയും നില പരുങ്ങലിലാവുകയാണ്. രന്യറാവുവിന്റെ ജാമ്യ ഹരജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള ബംഗളുരുവിലെ പ്രത്യേകകോടതി ഇന്ന് വിധി പറയും.