
മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ ഡി പിൻവലിച്ചു എന്ന് വെളിപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് അയച്ചെന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സമൻസ് ലഭിച്ചിരുന്നു എന്ന് പാർട്ടി ജനറൽ സെക്രട്ടറി തന്നെ സ്ഥിരീകരിച്ചതോടെ വിവാദം കൂടുതൽ ശക്തമാകുകയാണ്.
കെട്ടിച്ചമച്ച നോട്ടീസാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അയച്ചത് എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. അസംബന്ധം എന്ന് കണ്ട് അവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചെന്നൈയിൽ വച്ചാണ് എംഎ ബേബി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഇഡി മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചിരുന്നു എന്ന കാര്യത്തിൽ പാർട്ടിയുടെ സ്ഥിരീകരണമുണ്ടായതോടെ സംഭവം വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്കാകും വഴിയൊരുക്കുക.











