01:31pm 16 September 2026
NEWS
‘റെഡ് ബുക്ക്’ ഇല്ലെന്ന പിണറായിയുടെ വാദം പൊളിയുന്നു; ഇ.ഡി. റിപ്പോർട്ടിൽ 9 പേജുകളുടെ പകർപ്പ്; വൻ പണമിടപാടുകളും പുറത്ത്
15/09/2026  06:00 AM IST
nila
‘റെഡ് ബുക്ക്’ ഇല്ലെന്ന പിണറായിയുടെ വാദം പൊളിയുന്നു; ഇ.ഡി. റിപ്പോർട്ടിൽ 9 പേജുകളുടെ പകർപ്പ്; വൻ പണമിടപാടുകളും പുറത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കിടെ കണ്ടെത്തിയെന്നു പറയുന്ന മകൾ വീണയുടെ ‘റെഡ് ബുക്ക്’ വിവാദത്തിൽ വഴിത്തിരിവ്. ചുവന്ന ഡയറിയുടെ ഒൻപത് പേജുകളുടെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. റെഡ് ബുക്ക് എന്നൊരു ബുക്കില്ലെന്നും അത് മാധ്യമ സൃഷ്ടിയാണ് എന്നുമായിരുന്നു പിണറായി വിജയന്റെ നിലപാട്. 

റെഡ് ബുക്കിന് പുറമെ പണമിടപാടുകളുമായി ബന്ധപ്പെട്ട മറ്റൊരു രേഖയും ഇ.ഡി. റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരെന്ന് പറയപ്പെടുന്ന ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ തുടങ്ങിയവരുടെ പേരുകളാണ് രേഖയിലുള്ളത്. വിദേശ ബാങ്കുകളുടെ പേരുകളും അക്കൗണ്ട് നമ്പറുകളും ഇതിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇടപാടുകളുടെ തുക യുഎഇ ദിർഹത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സെപ്റ്റംബർ 17ന് 2,82,600 എഇഡി നിക്ഷേപിച്ചതായുള്ള രേഖയും ഇതിൽ ഉൾപ്പെടുന്നു. ഫൈജാസ് വഴി പണം കൈമാറിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ ഡയറിയിൽ വീണയുടെയും സാക്ഷികളുടെയും ഒപ്പുകളുള്ളതായും ഇ.ഡി. വ്യക്തമാക്കുന്നു.

അതേസമയം, റെഡ് ബുക്കും ഇതുമായി ബന്ധപ്പെട്ട മൊഴികളും കെട്ടിച്ചമച്ചതാണെന്ന പ്രചാരണം സി.പി.എം. അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ശക്തമായിരിക്കെയാണ് ഇ.ഡി. റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

വാട്‌സാപ്പിലും ‘ഹവാല’ സൂചനകൾ

വാരിസിന്റെ വാട്‌സാപ്പ് ചാറ്റുകളിൽ ഹവാല ഇടപാടുകളുമായി ബന്ധമുള്ളതായി സംശയിക്കുന്ന ചില ഫോൺ നമ്പറുകൾ കണ്ടെത്തിയതായും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. സുബൈർ കരുവാംപൊയിലിന്റെ നമ്പർ ‘സുബൈർ കൊടുവള്ളി ഹവാല’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം.

മറ്റ് ചില നമ്പറുകൾക്ക് ‘ഹവാല ഏജന്റ്’ എന്ന കുറിപ്പും ചേർത്തിരുന്നു. കറൻസി നോട്ടുകളുടെ നമ്പറുകൾ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറിയതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറുന്നതിനുള്ള കോഡ് സന്ദേശങ്ങളായാണ് ഇവ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം.

കേരളത്തിൽ ശേഖരിച്ച പണം വൻതോതിൽ ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി.യുടെ ആരോപണം.

കണ്ടെത്തിയെന്ന് പറയുന്ന കള്ളപ്പണ ഇടപാടുകളിൽ പ്രാദേശിക പോലീസ് അന്വേഷണം നടത്തേണ്ടതുണ്ടെന്ന പി.എം.എൽ.എ. നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയത്. ഈ നിലപാടിനെ പിന്തുണയ്ക്കുന്ന കോടതി വിധികളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img