കർണാടകം: മൈസൂരുവിലെ ആക്റ്റീവിസ്റ്റായ സ്നേഹമയി കൃഷ്ണയാണ് മുഡ ഹൗസിങ് പ്ലോട്ട് അഴിമതി പൊടി തട്ടിയെടുത്തത്. മറ്റൊരു ആക്റ്റീവിസ്റ്റായ ടി ജെ എബ്രഹാമും അദ്ദേഹത്തോടൊപ്പം ചേർന്നതോടെ കേസ് ചൂട് പിടിച്ചു. രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് വൻതട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്. അതിന്റെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്നുള്ളതാണ് കേസ്സിന്റെ ഗൗരവം വർധിപ്പിക്കുന്നത്. പ്രത്യേകകോടതിയുടെ നിർദ്ദേശപ്രകാരം ലോകായുക്ത രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഒന്നാംപ്രതി സിദ്ധരാമയ്യയാണ്. ഉടമസ്ഥൻ ആരെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത 3.16 ഏക്ര ഭൂമി സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജ്ജുനസ്വാമി തുച്ഛമായ വിലയ്ക്ക് വാങ്ങി സഹോദരിയ്ക്ക് (സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി) ഇഷ്ടദാനമായി നൽകുന്നതോടെയാണ് ഈ ഭൂമിയുമായി ബന്ധപ്പെട്ട കള്ളക്കളികൾ ആരംഭിക്കുന്നത്. 2004 ൽ കൃഷിഭൂമി എന്ന നിലയിലാണ് ഈ ഭൂമി വാങ്ങിയത്. എന്നാൽ 2001ൽ തന്നെ മൈസുരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഈ ഭൂമി ലേഔട്ടായി തിരിക്കുന്നതിനായി ഏറ്റെടുത്തിരുന്നു എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. അതായത് മുഡ ഏറ്റെടുത്ത ഭൂമിയാണ് മറ്റൊരാളിൽ നിന്ന് എന്ന വ്യാജേന മല്ലികാർജ്ജുന സ്വാമി വാങ്ങുകയും പിന്നീട് സഹോദരിയ്ക്ക് ഇഷ്ടദാനമായി നൽകിയതും എന്നർത്ഥം. എം എൽ എ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ വ്യത്യസ്ത അധികാര പദവികളിൽ ഈ ഇടപാട് നടന്ന കാലയളവിലെല്ലാം സിദ്ധരാമയ്യ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞു. ഈ ഭൂമിയ്ക്ക് പകരമായി വികസിതമേഖലയായ വിജയനഗറിൽ പതിനാല് പ്ലോട്ടുകൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പാർവ്വതി മുഡ ചെയർമാന് കത്തെഴുതിയത് 2021ലാണ്. ഈ കത്തിൽ പാർവ്വതിയ്ക്ക് വേണ്ടി ഒപ്പിട്ടത് സിദ്ധരാമയ്യയുടെ അടുത്ത സഹായിയാണെന്ന് പരാതിക്കാർ കണ്ടെത്തിയിരുന്നു. 60× 40 അടി വീതം വിസ്തീർണ്ണമുള്ള പതിനാല് പ്ലോട്ടുകൾക്ക് മാർക്കറ്റ് വില 65 കോടിയോളം വരും. കേസ് ചൂട് പിടിച്ചതോടെ ഈ പ്ലോട്ടുകൾ വേണ്ടെന്ന് പാർവ്വതി മുഡയെ അറിയിച്ചിട്ടുണ്ട്. രേഖകൾ ഹാജരാക്കി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാനുള്ള അനുമതി ആക്റ്റീവിസ്റ്റുകൾ ഗവർണ്ണറിൽ നിന്ന് നേടിയതോടെ ഈ പ്രശ്നം ആളിക്കത്തി. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയും ചെയ്തു.സ്നേഹമയി കൃഷ്ണ ഇ ഡിയ്ക്കും രേഖകൾ നൽകിയിരുന്നു. ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തതോടെയാണ് ഇഡിയ്ക്ക് മുഡ കേസ്സിൽ ഇടപെടാൻ വഴി തെളിഞ്ഞത്. മുഡ കേസ് ലോകായുക്ത അന്വേഷിച്ചാൽ പോര, സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. വാല്മീകി കോർപറേഷനിലെ ഫണ്ട് തിരിമറിക്കേസ് ഇ ഡിയ്ക്ക് പിറകെ സിബിഐയും അന്വേഷിക്കുന്നുണ്ട്. മുഡ കേസ്സിൽ ഇ ഡി ഇന്നോ നാളെയോ സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചേക്കും. നിയമക്കുരുക്ക് മുറുകിയ സാഹചര്യത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ ഹൈക്കമാണ്ട് എത്തിയിട്ടുണ്ടത്രേ. എന്നാൽ കേസ് കഴിയുന്നതുവരെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാണ്ടിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്. കാര്യങ്ങൾ വഷളാകുന്ന സാഹചര്യത്തിൽ ഹൈക്കമാണ്ടിന് ആ അഭ്യർത്ഥന അംഗീകരിക്കാനാവില്ല. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോ ആഭ്യന്തരമന്ത്രി ഡോക്ടർ പരമേശ്വരയോ അല്ലെങ്കിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്നെയോ സിദ്ധരാമയ്യയ്ക്ക് പകരക്കാരനായി മുഖ്യമന്ത്രിക്കസേരയിൽ അവരോധിക്കപ്പെട്ടേക്കും. മൂന്ന് നേതാക്കളും അതിനായി ശക്തമായ കരുനീക്കം അണിയറയിൽ നടത്തുന്നുണ്ട്.