09:36am 15 September 2026
NEWS
‘ആർ.സി’, ‘കെ.കെ’... സി.എം.ആർ.എൽ കേസിൽ വൻ നീക്കം; രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസിന് ഇ.ഡി ശുപാർശ?
15/09/2026  06:33 AM IST
nila
‘ആർ.സി’, ‘കെ.കെ’... സി.എം.ആർ.എൽ കേസിൽ വൻ നീക്കം; രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസിന് ഇ.ഡി ശുപാർശ?

കൊച്ചി: സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. കേസന്വേഷണത്തിൽ ലഭിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) സെക്‌ഷൻ 66(2) പ്രകാരം സംസ്ഥാന സർക്കാരിന് കത്തയയ്ക്കുന്നതിനുള്ള അനുമതി തേടി കൊച്ചി ഇ.ഡി ഓഫീസ് ഉടൻ ഡയറക്ടറെ സമീപിക്കുമെന്നാണ് വിവരം.

സി.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘത്തിന് ചില വ്യക്തികളുടെ പേരുകൾ ചുരുക്കപ്പേരുകളായി രേഖപ്പെടുത്തിയ പുസ്തകം ലഭിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

2024 ഏപ്രിൽ 15ന് നടത്തിയ ചോദ്യംചെയ്യലിൽ ഈ ചുരുക്കപ്പേരുകൾ ആരെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തിൽ സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. ‘ആർ.സി.’ എന്നത് രമേശ് ചെന്നിത്തലയെയും ‘കെ.കെ.’ എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും ‘പി.വി.’ എന്നത് പിണറായി വിജയനെയും സൂചിപ്പിക്കുന്നുവെന്നാണ് മൊഴി. ‘ഒ.സി.’ ഉമ്മൻചാണ്ടിയെയും ‘ഐ.കെ.’ ഇബ്രാഹിംകുഞ്ഞിനെയും സൂചിപ്പിക്കുന്നതായും മൊഴിയിൽ പറയുന്നു.

‘എ.ജി.’ എന്ന ചുരുക്കപ്പേര് എ. ഗോവിന്ദൻ എന്ന വ്യക്തിയുടേതാണെന്നാണ് സുരേഷ് കുമാർ പറഞ്ഞതെങ്കിലും ഈ വ്യക്തി ആരാണെന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സി.എം.ആർ.എൽ സ്ഥാപക മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരമാണ് സുരേഷ് കുമാർ പണം കൈമാറിയിരുന്നതെന്നാണ് മൊഴി. എന്നാൽ, പേരുകൾ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികൾ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് പണം സ്വീകരിക്കാൻ എത്തിയതെന്നും സുരേഷ് കുമാർ മൊഴി നൽകിയതായി അന്വേഷണ സംഘം പറയുന്നു.

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞും മരണപ്പെട്ടതിനാൽ ഇവർക്കെതിരെ ക്രിമിനൽ നടപടി തുടരാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ ഇവരുടെ പേരിൽ കേസെടുക്കാൻ ശുപാർശ നൽകില്ല.

മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരേയുള്ള സമാന ശുപാർശയിൽ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാനസർക്കാർ. 

നിയമോപദേശം കേസെടുക്കുന്നതിന് അനുകൂലമായാലും രാഷ്ട്രീയ വിവാദത്തിന് സാധ്യതയുണ്ട്. ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയരാനുള്ള സാഹചര്യത്തിൽ, ശുപാർശകൾ ലഭിച്ചാലും സംസ്ഥാന സർക്കാർ കേസെടുക്കാതെ മാറിനിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img