04:05pm 19 August 2026
NEWS
മാസപ്പടി കേസിൽ കോഴിക്കോട് നാലിടങ്ങളിൽ ഇഡി റെയ്ഡ്; ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലും പരിശോധന
18/08/2026  09:52 AM IST
nila
മാസപ്പടി കേസിൽ കോഴിക്കോട് നാലിടങ്ങളിൽ ഇഡി റെയ്ഡ്; ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലും പരിശോധന

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ നാലിടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടക്കുന്നത്. ഇടവേളയ്ക്കുശേഷം കേസിൽ ഇഡി നടത്തുന്ന നിർണായക നീക്കമാണിത്.

അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നിലവിലെ പരിശോധനകളെന്നാണ് സൂചന. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി നന്ദുലാൽ, ഡിവൈഎഫ്ഐ നേതാവ് നിഖിൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരാണ് നന്ദുലാൽ. ഇരുവരും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.

നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ പരിശോധനകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചതെന്നാണ് സൂചന.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ഇഡി നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

നിലവിലെ പരിശോധനകൾ പ്രധാനമായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. റെയ്ഡുകൾ തുടരുന്നതിനാൽ പരിശോധനയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img