
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിൽ നിന്ന് കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.
സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ തുകയുടെ ഉപയോഗം സംബന്ധിച്ച വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ വീണയെ ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായതായും ഇഡി ചൂണ്ടിക്കാട്ടുന്നു.
2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് പണം ലഭിച്ചതെന്നാണ് അന്വേഷണത്തിലുള്ള വിവരം. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസും വീണ തൈക്കണ്ടിയിലും വിവാഹിതരായത്. വിവാഹശേഷം ഈ തുക എങ്ങനെ വിനിയോഗിച്ചുവെന്നതും ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. ഇതിനായി മുഹമ്മദ് റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളുടെയും സാമ്പത്തിക രേഖകളുടെയും പരിശോധന ആരംഭിക്കാനാണ് നീക്കം.
അതേസമയം, കേസിൽ അഴിമതി നിരോധന നിയമത്തിന്റെ സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്. സിഎംആർഎല്ലിന് സർക്കാർ നൽകിയതായി ആരോപിക്കപ്പെടുന്ന ആനുകൂല്യങ്ങൾക്കും കമ്പനിയിൽ നിന്ന് ലഭിച്ച പണത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കുന്നു.










