04:04pm 10 November 2026
NEWS
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി; സി.ബി.ഐ അന്വേഷണം തള്ളി


04/07/2026  09:36 AM IST
സുരേഷ് വണ്ടന്നൂർ
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി; സി.ബി.ഐ അന്വേഷണം തള്ളി

​കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുമ്പോൾ മറ്റൊരു ഏജൻസിക്ക് കേസ് കൈമാറേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജോജോ ജോസാണ് കോടതിയെ സമീപിച്ചിരുന്നത്.
​കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡി.ജി.പി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. അറസ്റ്റിലായവരിൽ ചിലർ മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.
​പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘമാണ് ആക്രമിച്ചത്. ശക്തമായ പ്രതിഷേധത്തിനിടയിലും പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷിതമായി തമ്പാനൂർ സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ ഇ.ഡി ഉദ്യോഗസ്ഥരുടെയും രണ്ട് പ്രതികളുടെയും മെഡിക്കൽ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനാ ഫലം, കോൾ ഡേറ്റ റെക്കോർഡുകൾ, ആയുധങ്ങൾ, ബാങ്ക് രേഖകൾ, വിരലടയാളം എന്നിവ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
​'ഉന്നതൻ പ്രതിയാകുമെന്ന ഭയത്താൽ കൊലപാതകശ്രമം'; കോടതിയിൽ നിലപാട് കടുപ്പിച്ച് ഇ.ഡി
​അതേസമയം, കേസിൽ ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതരിലേക്ക് അന്വേഷണം നീളുന്നതിലുള്ള ഭയത്താലാണ് ഇ.ഡി ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ശ്രമിച്ചതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ പാഞ്ഞടുത്തത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനായതെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
​സി.എം.ആർ.എല്ലിന്റെ (CMRL) കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം തടസ്സപ്പെടുത്തുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. കേസിൽ അറസ്റ്റിലായ 13 പ്രതികളുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ ഈ വാദങ്ങൾ ഉന്നയിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്കയച്ച ഒരു ഫോണിൽ നിന്ന് മാത്രം 130 കോളുകൾ പോയതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജഡ്ജിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂട്ടർ കോടതിയിൽ നിഷേധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img