
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അറസ്റ്റിലായ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ടി. വീണയുമായി ബന്ധപ്പെട്ട സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിന്റെ അന്വേഷണത്തിനിടെയാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥർക്കു നേരേ ആക്രമണം അഴിച്ചുവിട്ടത്.
കേസ് ഗുരുതര സ്വഭാവമുള്ളതും പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായതും പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ആക്രമണത്തിൽ ഉപയോഗിച്ചെന്ന് പറയുന്ന ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കസ്റ്റഡി ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ കസ്റ്റഡിയിൽ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് മുൻകുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷയെ ഇ.ഡി. ശക്തമായി എതിർത്തിരുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തെ തടസപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംഭവം നടന്നതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും മുഖ്യസൂത്രധാരന്മാരും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
അതേസമയം, 60 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. സെഷൻസ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കിരൺ പി.എസ്., ജീവൻ, അനിൽ കുമാർ, ശ്രീജിത്, നിഷാദ്, സിദ്ധാർഥ് എസ്., ഷഫീഖ് എന്നിവരടക്കം ഒമ്പത് പേരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. നാല് പ്രതികളുടെ ജാമ്യാപേക്ഷകൾ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. അവ നാളത്തേക്ക് മാറ്റിവച്ചു.
ഇതിനുമുമ്പ് കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചിരുന്നു. 25-ാം പ്രതിയായ ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ മാസം 30 വരെ ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.
മേയ് 27-നാണ് തിരുവനന്തപുരത്ത് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് ടാക്സി വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചെന്ന കേസിൽ സിപിഎം പ്രവർത്തകരടക്കം 26 പേർ അറസ്റ്റിലായത്. പിന്നീട് കേസിൽ ഇ.ഡിയും കക്ഷിചേർന്നിരുന്നു.











