04:10pm 09 September 2026
NEWS
മാസപ്പടി കേസിൽ പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ കേസെടുക്കണം; ഡിജിപിക്ക് കത്ത് നൽകി ഇ.ഡി
08/09/2026  12:36 PM IST
nila
മാസപ്പടി കേസിൽ പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ കേസെടുക്കണം; ഡിജിപിക്ക് കത്ത് നൽകി ഇ.ഡി

കൊച്ചി: സിഎംആർഎൽ–എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എ., വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.

പി.എം.എൽ.എയുടെ സെക്ഷൻ 66(2) പ്രകാരമാണ് ഡിജിപിക്ക് ഇ.ഡി. കത്ത് നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട ഇടപാടിൽ ലഭിച്ച തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും കത്തിനൊപ്പം കൈമാറിയതായാണ് വിവരം.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

സിഎംആർഎൽ–എക്സാ ലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ പുതിയ നീക്കം. ഇടപാടിൽ ക്രമക്കേടുകളും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽ പല നിർണായക രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പിൽനിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.

മകൾ വഴി പിണറായി വിജയൻ 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി; പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും റിപ്പോർട്ട്
08/09/2026  02:59 PM IST
nila
മകൾ വഴി പിണറായി വിജയൻ 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി; പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും റിപ്പോർട്ട്

തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പിണറായി വിജയൻ, മകൾ ടി. വീണ എന്നിവരെ ഉൾപ്പെടുത്തി 3.28 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടന്നതായി ഇ.ഡി. ആരോപിക്കുന്നു. മകൾ വഴിയാണ് പിണറായി വിജയൻ പണം കൈപ്പറ്റിയത് എന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ ആരോപിക്കുന്നത്. സി.എം.ആർ.എൽ. മുൻ സി.എഫ്.ഒ.യും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണമെന്നാണ് റിപ്പോർട്ട്.

വീണ വഴിയാണ് പിണറായി വിജയന് കൈക്കൂലി തുക ലഭിച്ചതെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ലഭിച്ച പണം വീണയും കൂട്ടാളികളും ചേർന്ന് ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസും ഇടപാടിൽ സഹായിച്ചെന്നാണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നത്. റിയാസിന്റെ സുഹൃത്തുക്കൾ മുഖേന കൈക്കൂലി പണം വിദേശത്തേക്ക് മാറ്റാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്.

കൈക്കൂലി ഫണ്ട് ശേഖരിക്കുന്നതിനും പണം വിവിധ വഴികളിലൂടെ കൈമാറുന്നതിനും പിണറായി വിജയനും മുഹമ്മദ് റിയാസും വീണയെ സഹായിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. പണമിടപാടുകൾ വഴിതിരിച്ചുവിടാൻ കോർപ്പറേറ്റ് സ്ഥാപനമായി എക്‌സാലോജിക് സൊലൂഷൻസ് ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

13 പേർക്കെതിരെ അന്വേഷണം വേണമെന്ന് ഇ.ഡി.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്ത, പി. സുരേഷ്‌കുമാർ എന്നിവരടക്കം 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.യുടെ ആവശ്യം.

കൈക്കൂലി തുകയുടെ കൈമാറ്റത്തിന് എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനത്തെ ഉപയോഗിച്ചെന്നും ഇ.ഡി. ആരോപിക്കുന്നു. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവർ മുഖേന പണം വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്.

സി.എം.ആർ.എൽ.–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, കൈക്കൂലി ആരോപണം, പണം വിദേശത്തേക്ക് മാറ്റിയെന്ന ആരോപണം എന്നിവ കേന്ദ്രീകരിച്ചാണ് ഇ.ഡി.യുടെ അന്വേഷണം മുന്നോട്ടുപോകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img