
എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകൾ ഇ ഡിയ്ക്ക് ലഭിച്ചു.
രണ്ട് സംഘടനകളും ഒന്നുതന്നെയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇരു സംഘടനക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇ ഡി വാർത്താകുറിപ്പിൽ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകൾ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി.
വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. എസ്ഡിപിഐക്ക് വേണ്ടികൂടിയായിരുന്നു പണപ്പിരിവ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നൽകിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇ ഡി വ്യക്തമാക്കുന്നുണ്ട്.











