
കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടിയിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ. ഇ.ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോൾ പുറത്തുവന്നത് വലിയ അഴിമതി ആരോപണങ്ങളുടെ ‘മഞ്ഞുമലയുടെ ഒരറ്റം’ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇത്തരമൊരു സാഹചര്യം പുതിയ അനുഭവമാണെന്നും വിഷയത്തിൽ സി.പി.എം. വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ നയം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. ഉന്നത നേതാവിനെതിരായി പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ ഉന്നയിച്ചിരുന്ന വാദങ്ങളെല്ലാം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണെന്നും ഇ.ഡി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകുന്നില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ വിവാദം അവസാനിക്കില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കേസുകളും ആരോപണങ്ങളും പുറത്തുവരുമെന്നും പ്രേമചന്ദ്രൻ മുന്നറിയിപ്പ് നൽകി. അതേസമയം, ബി.ജെ.പി.-സി.പി.എം. അന്തർധാരക്ക് പോറൽ സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










